ഓണ്‍ലൈനില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനം കൊണ്ടുവരാൻ
ഉപഭോക്തൃകാര്യ മന്ത്രാലയം. ബിഐഎസ് നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം ഓണ്‍ലൈന്‍ വില്‍പ്പന അനുവദിക്കാനാണ് നീക്കം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ഉദ്യോഗസ്ഥര്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തി.
പ്ലാറ്റ്‌ഫോമിൽ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ നല്‍കുന്നത് ബിഐഎസ് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണോ എന്ന് കണ്ടെത്താന്‍ ഒരു മാര്‍ഗവുമില്ലെന്ന് കമ്പനികള്‍ പറഞ്ഞു. ഇതിന് പരിഹാരമായി, വില്‍പ്പനക്കാര്‍ സമര്‍പ്പിച്ച ലൈസന്‍സുകള്‍ ഓട്ടോമാറ്റിക്കായി പരിശോധിക്കാനും ബിഐഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ബിഐഎസും കമ്പനികളും സാങ്കേതിക സംവിധാനം വികസിപ്പിക്കുകയാണ്.
10 ദിവസത്തിനുള്ളില്‍ ഇത് തയ്യാറാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു. സാധനങ്ങള്‍ തിരിച്ചയയ്ക്കുന്നതും ഗുണനിലവാരമില്ലെങ്കില്‍ പരാതിപ്പെടുന്നതും ജനങ്ങള്‍ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.