ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതിയുടെ മൂന്നാംഘട്ട അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ ബഫര്‍സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മുന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ മികച്ച രീതിയില്‍ ഫീല്‍ഡ് സര്‍വേ 100 ശതമാനത്തോളം പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ 338 അപേക്ഷകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ധരെ നിയോഗിച്ച് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാക്കും. കൂടാതെ അപ്‌ലോഡ് ചെയ്ത എല്ലാ അപേക്ഷകളും ഒരിക്കല്‍ കൂടി പുന:പരിശോധന നടത്തി എല്ലാ അപാകതകളും പരിഹരിക്കും. മൂന്നാറിലും ഇടുക്കിയിലും കൂടുതല്‍ പ്രദേശം ഉള്‍പ്പെടുന്നതിനാല്‍ അപേക്ഷകളില്‍ ഇരട്ടിപ്പ് വന്നിട്ടുണ്ടോയെന്ന് പഞ്ചായത്ത്, റവന്യു, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ജനു. 18,19,20,21 തീയതികളില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
മൂന്നാറില്‍ 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ (7,298) മുഴുവന്‍ അപേക്ഷയും ഉന്നതാധികാര സമിതിയ്ക്ക് അപ്ലോഡ് ചെയ്തിട്ടുണ്ട്.
അഡ്വ. എ. രാജ എം.എല്‍. എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, സബ് കളക്ടര്‍മാരായ അരുണ്‍ എസ്. നായര്‍, രാഹുല്‍കൃഷ്ണശര്‍മ്മ, വിവിധ രാഷ്ട്രീയ- സാമൂഹ്യ നേതാക്കളായ സി.പി.മാത്യു, റോമിയോ സെബാസ്റ്റിയന്‍, പ്രൊഫ. എം.ജെ. ജേക്കബ്, ജോസ് പാലത്തിനാല്‍, എം.ഡി. അര്‍ജുനന്‍, ശ്രീനഗരി രാജന്‍ വകുപ്പ്തല മേധാവികള്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.