കട്ടപ്പന ഫെസ്റ്റ് 2023 സ്വാഗത സംഘ രൂപീകരണവും ലോഗോ പ്രകാശനവും നടന്നു. കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാപാരികള്‍, രാഷ്ട്രീയ, സമുദായിക നേതാക്കള്‍ സാംസ്കാരിക പ്രവര്‍ത്തകര്‍, തുടങ്ങി പങ്കെടുത്തു. ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന് ചടങ്ങില്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
ഫെബ്രുവരി 10 മുതല്‍ 26 വരെ കട്ടപ്പന മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന ഫെസ്റ്റ്, കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് മര്‍ച്ചന്റ് അസോസിയേഷന്റെയും, മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെയും, വനിതാ വിങ്ങിന്റെയും ആഭിമുഖ്യത്തിലാകും സംഘടിപ്പിക്കുക. KGEES ജ്വല്ലേഴ്സ് കോട്ടയംകട, ഗായത്രി വെഡ്ഡിംഗ് സെന്റര്‍, IILT എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇക്കുറി കട്ടപ്പന ഫെസ്റ്റിന്റെ പ്രധാന സ്പോണ്സര്മാരായെത്തുന്നത്.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, ഡീന്‍ കുര്യാക്കോസ് എംപി, എം.എം മണി എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്, അഡ്വ. എം.കെ തോമസ്, സാജന് ജോര്‍ജ്(മെര്‍ച്ചന്റ് അസോസിയേഷന്), എന്നിവര്‍ രക്ഷാധികാരികളും കട്ടപ്പന മെര്‍ച്ചന്റ് അസോസിയേഷന് സെക്രട്ടറി കെ.പി ഹസ്സന് ചെയര്‍മാനും, മെര്‍ച്ചന്റ് യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോ മോന് ജോസ് ജനറല്‍ കണ്‍വീനറുമായുള്ള 251 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.
അത്യപൂര്‍വമായ ഫ്ളവര്‍ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, വിവിധ മത്സരങ്ങള്‍, സ്റ്റാളുകള്‍, പ്രശസ്ത താരങ്ങള്‍ നയിക്കുന്ന കലാസന്ധ്യകള്‍ തുടങ്ങിയവയെല്ലാം ഇക്കുറി ഫെസ്റ്റിനുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.