സമൂഹ മാധ്യമങ്ങളിലെ പ്രമോഷന് മാര്‍ഗ്ഗരേഖ: പണം വാങ്ങിയാണ് പരസ്യമെങ്കില്‍ വെളിപ്പെടുത്തണം

0
76

പണം വാങ്ങിയാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യം ചെയ്യുന്നതെങ്കില്‍ അത് കൃത്യമായി വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ.
സമൂഹമാധ്യമങ്ങളിലൂടെ പ്രമോഷന്റെ പേരില്‍ പല വ്യാജ വാഗ്ദാനങ്ങളും താരങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പരസ്യമെന്ന് തോന്നാത്ത തരത്തിലുള്ള വാദങ്ങളില്‍ സാധാരണക്കാര്‍ വഞ്ചിതരാകാതിരിക്കാനാണ് നടപടിയെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മാര്‍ഗരേഖ ലംഘിച്ചാല്‍ വന്‍ തുക പിഴ അടയ്‌ക്കേണ്ടി വരും.
പേയ്ഡ് പ്രമോഷനാണോയെന്ന കാര്യം വീഡിയോയുടെ തുടക്കത്തില്‍ തന്നെ വ്യക്തമായി എഴുതിയോ ഓഡിയോ രൂപത്തിലോ ചിത്രമായോ കാണിക്കണം. ഏത് ഭാഷയിലാണോ ഉള്ളടക്കം അതേ ഭാഷയിലായിരിക്കണം അറിയിപ്പും. ഹാഷ്ടാഗുകളിലോ ലിങ്കുകളിലോ കൂടികലര്‍ത്തുന്ന രീതിയിലാകരുത്.
ഉത്പന്നം ഉപയോഗിച്ച ശേഷം മാത്രം പരസ്യം നല്‍കണം. പരസ്യത്തിന്റെ ഉള്ളടക്കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഉല്‍പ്പന്നത്തിന് സാധിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
ഇവ ലംഘിച്ചാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് പത്ത് ലക്ഷം രൂപ ചുമത്താന്‍ വ്യവസ്ഥയുണ്ട്. ലംഘനം ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടതായി വരും. കൂടാതെ ബ്രാന്‍ഡ് പ്രമോഷന്‍ നടത്തുന്ന വ്യക്തിയെ മൂന്ന് വര്‍ഷം വരെ വിലക്കാനും മാര്‍ഗരേഖയില്‍ പറയുന്നു. സെലിബ്രിറ്റികള്‍ സോഷ്യല്‍മീഡിയ താരങ്ങള്‍ക്ക് പുറമേ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അടക്കമുള്ള വെര്‍ച്വല്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനും മാര്‍ഗരേഖ ബാധകമാണ്.