തനിക്ക് ലഭിക്കുന്ന ചികിത്സയെ സംരംഭമാക്കിയ യുവാവ്

0
185

പതിനേഴാം വയസ്സില്‍ സ്വിമ്മിംഗ് പൂളില്‍ ഉണ്ടായ അപകടം രൂപക്കിന്റെ ജീവിതം മാറ്റിമറിച്ചു. നട്ടെല്ലിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ ജീവിതത്തെ വീല്‍ ചെയറിലാക്കി. എന്നാല്‍, മനസുലയുന്ന ഘട്ടത്തിലും വീണുപോകാന്‍ അദ്ദേഹം തയ്യാറായില്ല. തനിക്ക് ലഭിക്കുന്ന ചികിത്സ എന്തുകൊണ്ട് തന്റേതായ ഒരു സംരംഭമായി ആരംഭിച്ചുകൂട എന്ന് രൂപക്ക് ചിന്തിച്ചു. വ്യവസായവകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് രൂപക്ക് സംരംഭത്തിന് വേണ്ട ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ന് തൃശൂരില്‍ മികച്ചൊരു ഫിസിയോ തെറാപ്പി കേന്ദ്രം ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

സ്വന്തം അനുഭവങ്ങള്‍ നല്‍കിയ കരുത്തു കൊണ്ട് 21 വയസുകാരനായ രൂപക്ക് ആരംഭിച്ച ഹീലിയോ ഫിസിയോ തെറാപ്പി സ്ഥാപനത്തില്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പടെ 17 ജീവനക്കാരാണ് ഇപ്പോഴുള്ളത്. സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഫിസിയോ തെറാപ്പി, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇവിടെ ലഭ്യമാകുന്നു. ഇതിനൊപ്പം തന്നെ ഇഗ്നൗ വഴി സൈക്കോളജി പഠനവും തുടരുന്ന രൂപക്ക് സംരംഭക സ്വപ്‌നം കാണുന്നവര്‍ക്ക് മുഴുവന്‍ മാതൃകയാണ്.