സ്‌ട്രോബറിക്ക് റെക്കോര്‍ഡ് വില; മൂന്നാറില്‍ വിളവെടുപ്പ് തുടങ്ങി

0
111

മൂന്നാറില്‍ വട്ടവട, പഴത്തോട്ടം, കോവിലൂര്‍ മേഖലകളിലെ സ്‌ട്രോബറി തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങി. റെക്കോര്‍ഡ് വിലയാണ് ഇക്കുറി ലഭിക്കുന്നത്. 600 മുതല്‍ 800 രൂപവരെ ഒരു കിലോ സ്‌ട്രോബറിക്ക് ലഭിക്കുന്നുണ്ട്. നേരത്തെ 150-250 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍, കൃഷി കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതും വില ഉയരാന്‍ കാരണമായി. പൂനെയില്‍ നിന്നെത്തിച്ച അത്യുത്പാദന ശേഷിയുള്ള വിന്റര്‍ ഡോണ്‍ എന്ന ഇനമാണ് ഇത്തവണ കൂടുതലായും ഇവിടങ്ങളില്‍ കൃഷി ചെയ്തിരിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി സ്‌ട്രോബറിക്ക് ആവശ്യക്കാര്‍ കുറവായിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ നീങ്ങി വിനോദസഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയതോടെ കൃഷി പുനരാരംഭിക്കുകയും ആവശ്യക്കാര്‍ ഏറിവരികയും ചെയ്തിട്ടുണ്ട്.
വിളവെടുപ്പ് തുടങ്ങിയതോടെ അനേകം വിനോദസഞ്ചാരികളാണ് സ്‌ട്രോബറി തോട്ടങ്ങള്‍ കാണാനും പഴം വാങ്ങാനും ഇവിടെ എത്തുന്നത്.