ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 2023 ഫ്രബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിയുടെ (ജിഇഎക്സ് കേരള 23) ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്ക് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്കി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടിയാണ് ശുചിത്വ മിഷന് ജിഇഎക്സ് കേരള 23 സംഘടിപ്പിക്കുന്നത്. മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ ഫെബ്രുവരി 5ന് ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കും. കൂടാതെ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളും നല്‍കും.
ആശയങ്ങളിലെ പുതുമ, ആഴം, ആവിഷ്ക്കരണത്തിലുള്ള മികവ്, പ്രാവര്‍ത്തികമാക്കുന്നതിലുള്ള സാധ്യതകള്‍, പ്രായോഗികത, ഭാവി സാധ്യതകള്‍, വാണിജ്യമൂല്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ പാനലായിരിക്കും വിധി നിര്‍ണ്ണയിക്കുന്നത്. ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27. രജിസ്ട്രേഷന് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.suchitwamission.org
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.