അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സി ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച്.
വിശദമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്നും ഗവേഷണ സ്ഥാപനം അറിയിച്ചു.
റിപോര്‍ട്ടിലെ ചോദ്യങ്ങള്‍ക്ക് ഗ്രൂപ്പിന് മറുപടിയില്ലെന്നാണ് ഹില്‍ഡെന്‍ബര്‍ഗ് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ, നിയമനടപടിക്ക് മുതിരുന്നതില്‍ കഴമ്പില്ലെന്നും ഗവേഷക സ്ഥാപന അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഹില്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ട റിപോര്‍ട്ടില്‍ ഗുരുതര ആരോപണമാണ് ഉള്ളടങ്ങിയിരുന്നത്. വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമത്വം നടക്കുന്നുവെന്നാണ് റിപോര്‍ട്ടിലെ ആരോപണം. അദാനി ഗ്രൂപ്പില്‍ ലിസ്റ്റ് ചെയ്ത ഏഴ് കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപോര്‍ട്ടിലുണ്ട്. മൗറീഷ്യസ്, യു എ ഇ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമത്വം നടത്തുന്നതെന്നാണ് ഹില്‍ഡെന്‍ബര്‍ഗ് റിപോര്‍ട്ട് ആരോപിക്കുന്നത്.
റിപോര്‍ട്ട് പുറത്തുവന്നതോടെ, വിപണിയില്‍ അദാനി ഗ്രൂപ്പ് വലിയ തിരിച്ചടി നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന്, ഹില്‍ഡെന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഗ്രൂപ്പ് രംഗത്തെത്തി. ഇതിനെയാണ് റിസെര്‍ച്ച് ഗ്രൂപ്പ് തള്ളിക്കളയുന്നത്.