ജില്ലയിൽ മദ്യപിച്ചുള്ള വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വാഹനാപകടങ്ങളിൽപെട്ട് ആശുപത്രികളിൽ എത്തിക്കുന്നവർക്ക് ഇനി രക്തത്തിലെ ആൽക്കഹോൾ കണ്ടെത്തുന്നതിനുള്ള പരിശോധന നിർബന്ധമാക്കി. ഈ രക്തപരിശോധന നടത്താത്തത് മൂലം മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാർ നിയമത്തിനു മുന്നിൽ രക്ഷപെടുന്ന സാഹചര്യമാണുള്ളത്. വാഹനാപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി.എ നസീറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഭൂരിഭാഗം അപകടങ്ങളും മദ്യപിച്ചു വാഹനം ഓടിക്കുന്നത് മൂലമാണെന്ന് കണ്ടെത്തുകയുണ്ടായി. പ്രസ്തുത സാഹചര്യത്തിൽ വാഹനാപകടങ്ങളിലകപ്പെട്ട് ആശുപത്രികളിൽ എത്തുന്നവർക്ക് രക്തത്തിലെ മദ്യാംശം കണ്ടെത്തുന്നതിനുള്ള പരിശോധന നിർബന്ധമാക്കണമെന്നു ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ ജില്ലാ കളക്ടർക്ക് ശിപാർശ നൽകിയിരുന്നു. കൂടാതെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചാൽ പ്രസ്തുത വിവരം എൻഫോഴ്സ്മെന്റ് ആർടിഒ, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരെ രേഖാമൂലം അറിയിക്കണമെന്നും ശിപാർശയിൽ പരാമർശിച്ചിരുന്നു. ഇതേതുടർന്ന് ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരിശോധന നിർബന്ധമാക്കണമെന്ന് നിർദ്ദേശം നൽകുകയും തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രിക്കുകൾക്കും ബന്ധപ്പെട്ട വിഷയത്തിൽ കർശന നിർദ്ദേശം നൽകുകയും ചെയ്യുകയുമായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് മൂന്ന് മാസം മുതൽ ആറ് മാസം വരെ സസ്പെൻഡ് ചെയ്യുവാൻ നിലവിൽ വ്യവസ്ഥകളുണ്ട്.