കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.
കേരളത്തിന്റെ എല്ലാ ആവശ്യങ്ങളോടും മുഖം തിരിഞ്ഞുനില്‍ക്കുന്നതും സ്വകാര്യവല്‍ക്കരണപ്രക്രിയയുടെ വേഗം കൂട്ടുന്നതുമാണ് കേന്ദ്ര ബജറ്റ് എന്ന് മന്ത്രി പി. രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
കേരളത്തിന്റെ എല്ലാ ആവശ്യങ്ങളോടും മുഖം തിരിഞ്ഞുനില്‍ക്കുന്നതും സ്വകാര്യവല്‍ക്കരണപ്രക്രിയയുടെ വേഗം കൂട്ടുന്നതുമായ കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമല്ലാത്ത മത്സരത്തിനിടയാക്കുന്നതും പ്രാദേശിക ഐക്യം തകര്‍ക്കുന്നതുമാണ്.
കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു എന്നും ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നു എന്നുമുള്ള റിപ്പോര്‍ട്ട് സമീപകാലത്താണ് പുറത്തുവന്നത്. കേരളത്തിന്റെ പൊതുമേഖലാ നയവും എം എസ് എം ഇ മേഖലയിലെ സമീപനവും മാതൃകയാക്കിക്കൊണ്ട് പൊതുമേഖലയെ ശക്തിപ്പെടുത്തി നവീകരിച്ച് മത്സരക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമായിരുന്നു.
രാജ്യത്തിന്റെ മെഡിക്കല്‍ ഡിവൈസ് നിര്‍മ്മാണ ഹബ്ബായി മാറാന്‍ ശ്രമിക്കുന്ന കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകമാണ്. പ്ലാന്റേഷന്‍ മേഖലയില്‍ പ്രത്യേക പദ്ധതി വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുകയെന്ന നയമാണ് കേരളം സ്വീകരിച്ചുവരുന്നത്. കയര്‍-കശുവണ്ടി-കൈത്തറി മേഖലയിലെ തൊഴില്‍ നിലനിര്‍ത്തുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഈ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളും അവഗണിക്കപ്പെടുകയാണ്.
സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് അടിസ്ഥാന സൗകര്യ വികസനം. സംസ്ഥാനസര്‍ക്കാര്‍ ഈ മേഖലയിലെ വികസനത്തിന് ഊന്നല്‍ നല്‍കി മുന്നോട്ടുപോകുന്ന ഘട്ടത്തിലും കേരളത്തിലെ റെയില്‍ വികസനത്തിന്മേല്‍ പ്രത്യേക പരാമര്‍ശങ്ങളൊന്നും കേന്ദ്രബജറ്റില്‍ ഉണ്ടായിട്ടില്ല എന്നുള്ളത് അപ്രതീക്ഷിതമാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുന്നതും സംസ്ഥാന വികസനത്തിന് ഒഴിച്ചുകൂട്ടാനാകാത്തതുമായ പദ്ധതികളില്‍ അനുഭാവപൂര്‍വ്വം തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളില്‍ കേരളത്തിലെ വ്യാവസായികമേഖലയില്‍ പ്രയോജനപ്പെടുന്നവ പരിശോധിച്ച് നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.