അധികം വൈകാതെ രണ്ട് എസി ഡബിള്‍ ഡക്കര്‍ ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കാൻ കെഎസ്‌ആര്‍ടിസി. ഒരു എസി ഡബിള്‍ ഡക്കര്‍ ഇലക്‌ട്രിക് ബസിന്റെ വില 1.75 കോടി രൂപയാണ്.
ആദ്യ ഘട്ടത്തില്‍ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്. ഡിജിറ്റല്‍ ടിക്കറ്റ് ലഭ്യമാക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കം. ഇതിനായി ക്യുആര്‍ കോഡ് സംവിധാനവും വികസിപ്പിച്ചേക്കും. 78 സീറ്റുകളാണ് ഉള്ളത്. ബസിന്റെ മുകളിലെ നില ഓപ്പണ്‍ ആയതിനാല്‍, ജന്മദിനം പോലുള്ള ആഘോഷ പരിപാടികളും നടത്താന്‍ സാധിക്കും.
ഫെബ്രുവരി 14- ന് രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ഇലക്‌ട്രിക് ബസ് മുംബൈയില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ ഛത്രപതി ശിവജി ടെര്‍മിനലില്‍ നിന്ന് ചര്‍ച്ച്‌ഗേറ്റ് വഴി നരിമാന്‍ പോയിന്റിലെ എന്‍സിപിഎയിലേക്കും, തിരിച്ചുമാണ് സര്‍വീസ് നടത്തുക. തിങ്കള്‍ മുതല്‍ വെള്ളി വരെ ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര ആസ്വദിക്കാനാകും. കേരളത്തിന് പുറമേ, ഹൈദരാബാദ് മെട്രോപോളിറ്റന്‍ അതോറിറ്റിയും ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിടുന്നുണ്ട്.