ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി ചുരുങ്ങിയ കാലം കൊണ്ടാണ് ജനപ്രീതി നേടിയത്. ലേഖനങ്ങള്‍ എഴുതുന്നതു മുതല്‍ പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നതു വരെ എന്തും ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാണെന്നിരിക്കെ ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ ഇത് ദുരുപയോഗം ചെയ്യുമെന്ന തരത്തിലായിരുന്നു ആശങ്ക. എന്നാല്‍, അടുത്തിടെ എംബിഎ പരീക്ഷ പാസായി എന്‍ട്രി ലെവല്‍ കോഡിങ് ജോലിക്ക് യോഗ്യത വരെ നേടാന്‍ ഈ നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യക്ക് സാധിച്ചു. ഇത് മനുഷ്യരുടെ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുമെന്നും പൂര്‍ണമായും എന്തിനും യന്ത്രങ്ങളെ ആശ്രയിക്കുന്നതിലേക്ക് വഴിവയ്ക്കുമെന്നുമുള്ള ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. തൊഴില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന റെസ്യൂം ബില്‍ഡര്‍.കോം എന്ന കമ്പനി നടത്തിയ സര്‍വേയില്‍ പല അമേരിക്കന്‍ കമ്പനികളും മനുഷ്യര്‍ക്ക് പകരം ചാറ്റ്ജിപിടി ഉപയോഗിച്ച് തുടങ്ങിയതായും പറയുന്നു. ആയിരം ബിസിനസുകാരെ പങ്കെടുപ്പിച്ച സര്‍വേയില്‍ പകുതി പേരും മനുഷ്യരെ മാറ്റി ചാറ്റ് ജിപിടിയാണ് പല ജോലികള്‍ക്കും ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കി.