അദാനി ഗ്രൂപ് ഓഹരികള്‍ ചൊവ്വാഴ്ച വിപണിയില്‍ നില മെച്ചപ്പെടുത്തി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഏല്‍പ്പിച്ച കനത്ത ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാനാകാത്ത അദാനി ഗ്രൂപ്പിന് ഇന്നത്തെ നേട്ടം ആശ്വാസമായി.
തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച ഉച്ച വരെയുള്ള സെഷനില്‍ മിക്ക ഓഹരികളും കുതിപ്പ് കാട്ടിയത്. 790 മില്യണ്‍ ഡോളറിന്‍റെ വായ്പകള്‍ മാര്‍ച്ച് അവസാനത്തോടെ മുന്‍കൂട്ടി തിരിച്ചടക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരികള്‍ക്ക് കുതിപ്പേകിയത്.
ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്കുള്ള കണക്ക് പ്രകാരം അദാനിക്ക് കീഴിലെ എട്ട് ഓഹരികളും നേട്ടത്തിലാണ്. ഫ്ലാഗ്ഷിപ്പ് കമ്ബനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരി വില ഒരു ഘട്ടത്തില്‍ 15 ശതമാനത്തിലേറെ വര്‍ധിച്ചു. അദാനി വില്‍മര്‍, അദാനി പവര്‍, എന്‍.ഡി.ടി.വി എന്നീ ഓഹരികള്‍ അഞ്ച് ശതമാനം ഉയര്‍ന്ന് ഇന്നത്തെ പരമാവധി ഉയര്‍ന്ന വിലയായ അപ്പര്‍ സര്‍ക്യൂട്ടിലാണ്. അദാനി പോര്‍ട്സ് 6.6 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 4.4 ശതമാനം, അംബുജ സിമെന്‍റ്സ് 5.5 ശതമാനം, എ.സി.സി 3.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഓഹരികളുടെ പ്രകടനം.