ബ്ലൂംബെര്‍ഗ് റിയല്‍ടൈം ലോക സമ്പന്ന പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്.
രണ്ട് ദിവസം മുന്‍പ് ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍ എന്ന പട്ടം മസ്‌ക് തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍, ഒരു ദിവസം കൊണ്ട് ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടതോടെയാണ് മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഫ്രഞ്ച് വ്യവസായിയായ ബര്‍ണാഡ് അര്‍നോള്‍ട്ടും, ഇലോണ്‍ മസ്‌കും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം അര്‍നോള്‍ട്ടിനെ മറികടന്ന് മസ്‌ക് മുന്നേറിയെങ്കിലും, വീണ്ടും ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം അര്‍നോള്‍ട്ടിന്റെ കൈകളില്‍ എത്തിയിരിക്കുകയാണ്. ബ്ലൂംബെര്‍ഗിന്റെ ഇന്‍ഡക്‌സില്‍ മാര്‍ച്ച് മൂന്നിലെ കണക്കനുസരിച്ച് മസ്‌കിന്റെ ആകെ ആസ്തി 176 ബില്യണ്‍ യുഎസ് ഡോളറാണ്. അതേസമയം, ഒന്നാം സ്ഥാനക്കാരനായ ബര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആകെ ആസ്തി 187 ബില്യണ്‍ ഡോളറാണ്.