ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ നടത്തിയ തട്ടിപ്പ് ആരോപണങ്ങള്‍ തള്ളി മുന്‍ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്.
എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. റെഗുലേറ്റര്‍മാര്‍ ഇക്കാര്യം പരിശോധിക്കുമെന്നും തന്നെ സംബന്ധിച്ചിടത്തോളം ഓസ്ട്രേലിയയോട് അദാനി ഗ്രൂപ്പ് കാണിച്ച വിശ്വാസത്തിന് താന്‍ നന്ദിയുള്ളവനാണെന്നും ഇന്ത്യന്‍ വ്യവസായ പ്രമുഖന് തന്റെ രാജ്യത്ത് നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാണ്. എന്തെങ്കിലും ആരോപിക്കപ്പെട്ടതുകൊണ്ട് അത് സത്യമാകില്ല. പൊതുനിയമത്തിന്റെ തത്വങ്ങളെക്കുറിച്ചുള്ള എന്റെ അറിവ് വെച്ച് കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങള്‍ നിരപരാധിയാണ്. അതുകൊണ്ട് തന്നെ നിയന്ത്രണ ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുന്നത് വരെ അദാനി നിരപരാധിയായിരിക്കും. ആബട്ട് പറഞ്ഞു.
ബില്യണുകളുടെ നിക്ഷേപങ്ങളിലൂടെ ആസ്ട്രേലിയയില്‍ തൊഴിലവസരങ്ങളും സമ്ബത്തും സൃഷ്ടിച്ചതിന് അദാനി ഗ്രൂപ്പിനെ മുന്‍ ഓസീസ് പ്രധാനമന്ത്രി പ്രശംസിച്ചു. കൂടാതെ നികുതിയൊന്നും നല്‍കാതെ അദാനി ഇറക്കുമതി ചെയ്ത ആസ്ട്രേലിയന്‍ കല്‍ക്കരി ഉപയോഗിച്ച് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് എല്ലാ ദിവസവും വൈദ്യുതി ഉറപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെയും ആബട്ട് പ്രശംസിച്ചു.
അദാനിയുടെ കാര്‍മൈക്കല്‍ കല്‍ക്കരി ഖനി ആഗോളതാപനത്തിനും ഗ്രേറ്റ് ബാരിയര്‍ റീഫിന് കേടുപാടുകള്‍ വരുത്തുന്നതിനും വലിയ കാരണമാകുന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി പ്രതിഷേധം നേരിടുന്നുണ്ട്. അതേസമയം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെത്തുടര്‍ന്ന്, വിഷയം പരിശോധിക്കാന്‍ വിഷയ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ആറംഗ സമിതിയെ സുപ്രീം കോടതി രൂപീകരിച്ചിട്ടുണ്ട്.