സംരംഭകത്വത്തിന് പ്രായം ഒരു തടസമല്ല, ചെയ്യുന്ന കാര്യങ്ങളോട് അഭിനിവേശം ഉണ്ടായിരുന്നാല്‍ വിജയിക്കാമെന്ന് തെളിയിക്കുകയാണ് ഒരു സംരംഭക.
ഇന്ത്യയിലെ അത്യാഢംബര ഫാന്‍ ബ്രാന്റായ ഫാന്‍സാര്‍ട്ടിന്റെ സ്ഥാപകയും മുംബൈ സ്വദേശിനിയും അറുപതുകാരിയുമായ സംഗീത ലാലയാണ് മാതൃകയാകുന്നത്. തന്റെ അമ്പതാം വയസിലാണ് സംഗീത സംരംഭം ആരംഭിച്ചത്. ഇന്ന് നൂറ് കോടി വിറ്റുവരവുള്ള സ്ഥാപനമാണിത്.
മുംബൈ സ്വദേശിനിയായ സംഗീത ലാല ഹോട്ടല്‍ ആന്‍ഡ് ടൂറിസത്തില്‍ ബിരുദമുള്ളയാളാണ്. താജ് പോലുള്ള ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്ന അവര്‍ പിന്നീട് പിതാവിന്റെ പ്രിന്റിങ് ആന്‍ഡ് പ്രസ് ബിസിനസില്‍ പ്രവര്‍ത്തിച്ചു. വിവാഹശേഷം ചെറിയ ചില കണ്‍സള്‍ട്ടന്‍സികളൊക്കെ നടത്തിയിരുന്നുവെങ്കിലും പിന്നീട് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് പോയി.
ഒരിക്കല്‍ ഒരു റസ്റ്റോറന്റില്‍ ചായ കുടിക്കാന്‍ കയറി. ഇതാണ് അവരെ ലക്ഷ്വറി സംരംഭകയാക്കിയത്. ചായ കുടിച്ചുകൊണ്ടിരിക്കെ അവിടെ
ഉണ്ടായിരുന്ന ഫാനില്‍ കണ്ണുടക്കി. ഇന്ന് വരെ കാണാത്ത ഡിസൈനിലുള്ള ഫാന്‍. ബ്ലേഡുകള്‍ (ലീഫ്) കണ്ടാല്‍ ആരും നോക്കി നിന്നുപോകും.
വിപണിയില്‍ വലിയ തുക മുടക്കി വാങ്ങുന്ന ഫാനിന്റെയും, ചെറിയ വിലയുള്ള ഫാനിന്റെയും ബ്ലേഡ് ഒരുപോലെയാണ്. ഇത് പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചു. നാട്ടിലെത്തി ജീവിതപങ്കാളി അനില്‍ ലാലയോട് ഇക്കാര്യം പറഞ്ഞു. അങ്ങനെ അനില്‍ സഹസ്ഥാപകനായി ഇരുവരും ഫാന്‍സാര്‍ട്ട് ആരംഭിച്ചു.
ലക്ഷ്വറി ബ്രാന്‍ഡ് ആയതിനാല്‍ അഞ്ച് കോടി മുതല്‍ മുടക്കിയാണ് കമ്പനിക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മോഡലുകള്‍ പ്രത്യേകം ഡിസൈന്‍ ചെയ്യാന്‍ വിദേശങ്ങളിലെ പ്രമുഖ ഡിസൈനര്‍മാരെ ആശ്രയിച്ചു. എയര്‍കണ്ടീഷനുകളേക്കാള്‍ ഫാനാണ് ആരോഗ്യകരമെന്ന ആപ്തവാക്യം അവര്‍ ഉയര്‍ത്തി. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് ഇന്ത്യയിലുടനീളം നൂറോളം ഷോറൂമുകള്‍ ഉണ്ട്.
ഫ്രാന്‍സ്, റഷ്യ, തുര്‍ക്കി, ചൈന എന്നിവയുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലാണ് ഫാനുകള്‍ നിര്‍മ്മിക്കുന്നത്. രണ്ട് ബ്രാഞ്ചുകള്‍ ഒഴികെ മറ്റെല്ലാം ഫ്രാഞ്ചൈസികളാണ്. ക്രിക്കറ്റ് താരങ്ങള്‍, സിനിമാതാരങ്ങള്‍, ബിസിനസുകാര്‍ അടക്കമുള്ള ഉയര്‍ന്ന സാമ്പത്തികവര്‍ഗമാണ് ഫാന്‍സാര്‍ട്ടിന്റെ ഉപഭോക്താക്കള്‍.
രണ്ട് ബ്ലേഡുകള്‍ മുതല്‍ പരമാവധി 14 ബ്ലേഡുകള്‍ വരെ ഉള്ള ഫാനുകള്‍ ഉണ്ട്. വെനീഷ്യന്‍ ക്രോം ഫാന്‍സാര്‍ട്ട് 14- ബ്ലേഡ് ഫാനിന്റെ വില 79,990 രൂപയാണ്. ഏകദേശം 1.30 ലക്ഷം രൂപ വിലയുള്ള 6.6 അടി ഔട്ട്‌ഡോര്‍ മിസ്റ്റിങ് ഫാന്‍ അക്വാജെറ്റ് ആണ് അവരുടെ ഏറ്റവും വിലയേറിയ ഫാന്‍. 15 മണിക്കൂര്‍ വരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന അക്വാജെറ്റ് ക്ലാസ് മിസ്റ്റ് ഫാനിലെ ലോകത്തിലെ ഏറ്റവും മികച്ച ഫാനാണൈന്ന് ഇവര്‍ അവകാശപ്പെടുന്നു. 2021- 22ല്‍ നൂറ് കോടി വിറ്റുവരവാണ് കമ്പനി നേടിയതെന്ന് ഈ സംരംഭക പറയുന്നു.