ന്യൂഡൽഹി: പുതുതായി ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിൽ ഫെബ്രുവരിയിൽ മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തി. സെൻട്രൽ ഡെപ്പോസിറ്ററി സർവീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയുടെ റിപ്പോർട്ട് പ്രകാരം 2023 ഫെബ്രുവരിയിൽ ആരംഭിച്ച ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2.08 ദശലക്ഷമാണ്. ഇത് നവംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ അക്കൗണ്ട് ഓപ്പണിംഗ് നിരക്കാണ്. മുൻമാസത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം ഇടിവ്.
അതേസമയം ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 30 ശതമാനം വർദ്ധിച്ച് 112.54 ദശലക്ഷം കടന്നു. ഇന്ത്യൻ ഇക്വിറ്റി വിപണികളിൽ നിക്ഷേപിക്കാൻ റീട്ടെയിൽ നിക്ഷേപകർക്ക് താൽപര്യം കുറഞ്ഞതാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കാൻ കാരണം. ഉയർന്ന പണപ്പെരുപ്പം, ആഗോള അസ്ഥിരത തുടങ്ങിയവയും പലിശ നിരക്ക് ഉയരുന്നതും കാരണം ലാർജ്, മിഡ് ക്യാപ് സ്റ്റോക്കുകൾ കഴിഞ്ഞ ആറ് മാസമായി കുറഞ്ഞ വരുമാനമാണ് നല്‍കുന്നത്. ഇത് റീട്ടെയിൽ നിക്ഷേപകരെ അസ്വസ്ഥരാക്കി.
2022 നവംബർ മുതൽ ഇന്നുവരെ, സെൻസെക്‌സും നിഫ്റ്റിയും 0.9 ശതമാനവും 1.7 ശതമാനവും ഇടിഞ്ഞപ്പോൾ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾക്യാപ് എന്നിവ യഥാക്രമം 2.3 ശതമാനവും 2.5 ശതമാനവും ഇടിവ് നേരിട്ടു.