മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. ഇരട്ടയാര്‍ ഡാമില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയതായി വിവരം ലഭിച്ചയുടന്‍ കട്ടപ്പന ഡി വൈ എസ് പി യോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുടിവെള്ള പദ്ധതികള്‍ക്കുള്‍പ്പെടെ ആശ്രയിക്കപ്പെടുന്ന ഡാമില്‍ മാലിന്യങ്ങള്‍ തള്ളിയവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബാധകമാകുന്ന എല്ലാ വകുപ്പുകള്‍ക്കും പുറമെ ജലസേചന-ജലസംരക്ഷണ നിയമം 1993, വകുപ്പ് 70 (3 ) 72 സി , ജല മലിനീകരണ നിയമം 1974 , വകുപ്പ് 43 , പരിസ്ഥിതി സംരക്ഷണ നിയമം 1986 ,പഞ്ചായത്ത് രാജ് നിയമം 1994 , വകുപ്പ് 219 എസ് , 219 ടി , മുന്‍സിപ്പാലിറ്റി ആക്ട്1994 , വകുപ്പ് 340 എന്നിവ അനുസരിച്ച് നടപടി സ്വീകരിക്കും. ഇത്തരത്തില്‍ ഡാമുകളുടെ പരിസരത്തും വനപ്രദേശങ്ങളിലും മാലിന്യം ഉപേക്ഷിക്കുന്നത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസിനോടും വനം വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനൊപ്പം രാത്രികാല പട്രോളിംഗും ശക്തമാക്കും.