ഒന്നര വർഷം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടി വ്യവസായ വകുപ്പിൻ്റെ മീറ്റ് ദി ഇൻവെസ്റ്റർ പദ്ധതി. 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപപദ്ധതിയുമായി വരുന്ന വ്യവസായികളുമായി മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുത്ത് ചർച്ച നടത്തി അതിവേഗത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ആരംഭിച്ച മീറ്റ് ദി ഇൻവസ്റ്ററിലൂടെ ബിൽടെക്, ആസ്കോ ഗ്ലോബൽ, അറ്റാച്ചി, ഹറ്റാച്ചി, ട്രൈസ്റ്റാർ, വെൻഷ്വർ, സിന്തൈർ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് തയ്യാറായി. ഇതിൽ 200 കോടി രൂപയുടെ നിക്ഷേപമുള്ള ആസ്കോ ഗ്ലോബലിൻ്റെ ക്രേസ് ബിസ്കറ്റ്സ്, 1500 കോടി രൂപയുടെ നിക്ഷേപമുള്ള എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ പ്രമുഖ യു എസ് കമ്പനി വെൻഷ്വർ എന്നിവർ പ്രവർത്തനമാരംഭിച്ചു. അറ്റാച്ചി, ബിൽടെക്ക്, അഗാപ്പേ, സീഷോർ, നെസ്റ്റോ എന്നീ കമ്പനികൾ ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും. മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെ വരുന്ന പദ്ധതികളുടെ തുടർനടപടികൾ സുഗമമാക്കുന്നതിനും അവർക്ക് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതിനുമായി പ്രത്യേകമായി ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്താറുണ്ട്. ഇതിലൂടെ മറ്റ് കടമ്പകൾ പെട്ടെന്ന് മറികടക്കാനും നിക്ഷേപപദ്ധതി വളരെപ്പെട്ടെന്ന് യാഥാർത്ഥ്യമാക്കാനും സാധിക്കുന്നു.