ജില്ലയിലെ എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ നല്‍കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്കുമേന്റേഷന്‍ (എബിസിഡി) രണ്ടാം ഘട്ട ക്യാമ്പ് മറയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പില്‍ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2481 ആധികാരിക രേഖകളുടെ സേവനങ്ങള്‍ ലഭ്യമാക്കി. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുളള അടിസ്ഥാന രേഖകള്‍ വിതരണം ചെയ്തു. ആധാര്‍ കാര്‍ഡ് (591), ആരോഗ്യ ഇന്‍ഷുറന്‍സ് (322), റേഷന്‍ കാര്‍ഡ് (335), വോട്ടര്‍ ഐ.ഡി. (372), ബാങ്ക് അക്കൌണ്ട് (110), ലേണേഴ്‌സ് ടെസ്റ്റ് (49), ജനന രജിസ്‌ട്രേഷന്‍ (154), വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റ് (277) , പാന്‍കാര്‍ഡ് (89), മറ്റ് സേവനങ്ങള്‍ (61), ഡിജി ലോക്കര്‍ സംവിധാനം (121) എന്നിവയാണ് ക്യാമ്പ് വഴി ലഭ്യമാക്കിയ സേവനങ്ങള്‍. കേരള സ്റ്റേറ്റ് ഐടി മിഷന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെയും അക്ഷയയുടേയും മറ്റും സഹകരണത്തോടെ ഇടുക്കി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയാണ് എബിസിഡി. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ ട്രൈബല്‍ ഡവല്പമെന്റ് ഓഫീസര്‍ എസ്. എ. നജീം, ഐ.ടി. മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷംനാദ് സി.എം., പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ്, സെക്രട്ടറി വിനോദ് കുമാര്‍ ഇ.ജി. എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നിരവധി കുടുംബങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് മുതലായ രേഖകള്‍ ഇല്ലാത്തത് കാരണം സര്‍ക്കാര്‍ ആനുകൂല്യങ്ങളും ധനസഹായങ്ങളും ലഭ്യമാകുന്നതിന് തടസ്സമുണ്ടായിരുന്നു. എബിസിഡി ക്യാമ്പിലൂടെ അടിസ്ഥാന രേഖകള്‍ ലഭിച്ചതോടെ ഗോത്ര സമൂഹത്തിന്റെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയാണ്. കൈവശമായ രേഖകള്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ അത് വീണ്ടെടുക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ സംവിധാനത്തിലൂടെ സൂക്ഷിച്ചുവയ്ക്കുന്ന ഡിജി ലോക്കര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആധാര്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 19 അക്ഷയ കൗണ്ടറുകളും കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ്, ഇലക്ഷന്‍, മോട്ടോര്‍ വകുപ്പ്, ബാങ്ക്, സിവില്‍ സപ്ലൈസ്, ആരോഗ്യ ഇന്‍ഷുറന്‍സ് മുതലായ വകുപ്പുകളുടേയും കൗണ്ടറുകള്‍ ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.
കൈവശം ലഭിച്ചിട്ടുള്ള ആധികാരിക രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനാവാതെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് എബിസിഡി ക്യാമ്പ് സഹായകരമായി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ക്കും വയോജനങ്ങള്‍ക്കും രേഖകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.