ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി മുദ്ര യോജനയ്ക്ക് കീഴില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇതുവരെ 23.2 ലക്ഷം കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. പദ്ധതിയിലൂടെ ഇതിനകം 40.82 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് സേവനം ലഭിച്ചതായി ധനകാര്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ എട്ടാം വാര്‍ഷികത്തിനോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ കീഴില്‍ 68 ശതമാനം വായ്പകളും വനിതാ സംരംഭകര്‍ക്കാണ് നല്‍കിയിട്ടുള്ളത്. പട്ടിക ജാതി, പട്ടിക വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്കുമായി 51 ശതമാനത്തോളം വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് ലളിതമായി വായ്പ ലഭിക്കുന്നതിനുള്ള അവസരം നല്‍കുന്നതിലൂടെ കൂടുതല്‍ നവീനമായ സംരംഭങ്ങള്‍ വളര്‍ന്നു വരുന്നതിനു കാരണമാകുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും ആഭ്യന്തര, അന്താരഷ്ട്ര വിപണികളിലേക്കുള്ള ഉത്പാദനം ഈ മേഖലയില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ച സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.