രാജ്യത്ത് വിലക്കയറ്റം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.4 ശതമാനമായിരുന്നത് മാര്‍ച്ചില്‍ 5.6 ശതമാനമായാണ് കുറഞ്ഞത്. സാധനങ്ങളുടെയും സേവനങ്ങളുടെയും റീടെയില്‍ വിലയെ അടിസ്ഥാനമാക്കിയാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് കണക്കാക്കുന്നത്.
ആര്.ബി.ഐ റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പണപ്പെരുപ്പവും കുറഞ്ഞത്. പണപ്പെരുപ്പം 4 ശതമാനത്തില്‍ നിര്‍ത്തുകയാണ് ആര്.ബി.ഐയുടെ ലക്ഷ്യം.
കഴിഞ്ഞ മെയ് മുതല്‍ റിപ്പോ നിരക്കില്‍ 250 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് ആര്.ബി.ഐ വരുത്തിയത്. ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യമെങ്കില്‍ നിരക്ക് ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
റീടെയില്‍ പണപ്പെരുപ്പം 5.2 ശതമാനമാക്കി കുറക്കുകയാണ് ലക്ഷ്യമെന്നും ആര്.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
                                    
                        


