സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് മൂന്നാര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനസൗഹൃദ സദസ്സ് ഇന്ന് മൂന്നാറില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ബുധനാഴ്ച രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിക്കും.
വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനുമാണ് സര്‍ക്കാര്‍ വനസൗഹൃദ സദസ്സ് 2023 ആവിഷ്‌കരിച്ചിട്ടുള്ളത്. കാടിനെ കാക്കാം, നാടിനെ കേള്‍ക്കാം എന്നതാണ് സൗഹൃദസദസ്സിന്റെ സന്ദേശം. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ 9.30 ന് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തിലെ വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി പുകഴേന്തി കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍ എസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഏപ്രില്‍ 2 ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച വനസൗഹൃദസദസ്സ് സംസ്ഥാനത്ത് 20 വേദികളിലായാണ് നടക്കുന്നത്. സമാപനം ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് നടക്കും.
ഇടുക്കി ജില്ലയിലെ രണ്ടാമത്തെ വനസൗഹൃദ സദസ്സ് ഏപ്രില്‍ 20 വ്യാഴാഴ്ച രാവിലെ 9.30 ന് കട്ടപ്പന മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും മൂന്നാമത്തെ വനസൗഹൃദ സദസ്സ് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മരിയന്‍ കോളേജ് കുട്ടിക്കാനത്തും നടക്കും. ഇരു പരിപാടികളിലും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുക്കും.