അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തില്‍ കാലതാമസമുണ്ടായാലും ന്യായമായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മൂന്നാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പുതിയൊരു സ്ഥലം വിദഗ്ദ സമിതി നിര്‍ദ്ദേശിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അരിക്കൊമ്പനെ സര്‍ക്കാര്‍ മാറ്റാനായി കണ്ടെത്തിയ സ്ഥലം കോടനാടായിരുന്നു. പറമ്പിക്കുളം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സ്ഥലവും അല്ല. പറമ്പിക്കുളവും കോടനാടും ഇനി പരിഗണിക്കേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ രണ്ടുമല്ലാത്ത സ്ഥലമാണ് തിരഞ്ഞെടുക്കുക. വിദഗ്ദ സമിതിതന്നെ മറ്റൊരു സ്ഥലം നിര്‍ദ്ദേശിക്കുന്നതാണ് ഉചിതമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കോടതി നടപടികളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള തീരുമാനമുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു