ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാനോ മാറ്റി പാര്‍പ്പിക്കാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കട്ടപ്പനയില്‍ വന സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയല്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവി പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ വികാരത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത വ്യക്തികളുടെയും സംഘടനകളുടെയും ശ്രമങ്ങള്‍ ഒരു രാഷ്ട്രിയപ്പാര്‍ട്ടിക്കും ഗുണമല്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വനം വകുപ്പ് വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നതെന്നും വനം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ട്. വന്യജീവി ആക്രമണ നഷ്ടപരിഹാരം, കൃഷി നാശം, റോഡിന് അനുമതി, പട്ടയ പ്രശ്‌നം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ നിയമാനുസൃതമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നഷ്ടപരിഹാര തുക സമയബന്ധിതമായി നല്‍കുക, നഷ്ടപരിഹാര തുക തുച്ഛമാണെന്ന പരാതി പരിഹരിക്കുക തുടങ്ങിയവയില്‍ സ്വതരശ്രദ്ധ പതിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യു, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിമാര്‍, ജില്ലയിലെ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പട്ടയ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.