വിവരശേഖരണത്തിന് നമ്മള്‍ ഇന്റര്‍നെറ്റില്‍ ആദ്യം ആശ്രയിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിക്കിപീഡിയ. എന്നാല്‍ അതില്‍ നമ്മളാരും പരസ്യങ്ങള്‍ കണ്ടിട്ടില്ല. വിവരങ്ങള്‍ക്ക് പണവും മുടക്കേണ്ടി വന്നിട്ടില്ല. ലോകത്തെ ഏറ്റവും വലിയ ആറാമത്തെ വെബ്‌സൈറ്റായ വിക്കിപീഡിയയെ സൗജന്യമായി നമ്മളിലേക്കെത്തിക്കുന്നതാരാണ്?
അതിനുള്ള ഉത്തരമാണ് ജിമ്മി വെയില്‍സ്. വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകന്‍. പൂര്‍ണമായും സൗജന്യമായി വിക്കിപീഡിയയെ ജനങ്ങള്‍ക്ക് ദാനം ചെയ്ത സംരംഭകന്‍.
കൊച്ചു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അറിവ് സമ്പാദിക്കുക ഏറെ ഇഷ്ടമായിരുന്നു ജിമ്മിക്ക്.
കുട്ടിക്കാലത്ത് ജിമ്മിയുടെ അമ്മ വായിക്കാന്‍ വാങ്ങി നല്‍കിയിരുന്നതോ അവനേക്കാള്‍ വലിയ എന്‍സൈക്ലോപീഡിയകള്‍. അതു മുഴുവന്‍ വായിച്ചു തീര്‍ക്കുക മാത്രമല്ല വിവരങ്ങളുടെ അപൂര്‍ണതയും അവന്‍ കണ്ടെത്തി. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്റര്‍നെറ്റ് എത്തി. ജിമ്മിയുടെ മനസ്സില്‍ ഒരാശയം ഉദിച്ചു. എന്തുകൊണ്ട് ലോകത്തെ എല്ലാ വിവരങ്ങളും ഇന്റര്‍നെറ്റില്‍ ഉള്‍പ്പെടുത്തി കൂടാ? അന്ന് ഇതൊരു വിപ്ലവകരമായ ചുവടുവയ്പ്പായിരുന്നു.
പെട്ടെന്നുള്ള സഹകരണം എന്നര്‍ഥം വരുന്ന ഹവായിയന്‍ പദം വിക്കിവിക്കിയും എന്‍സൈക്ലോപീഡിയയില്‍ നിന്നും കടം കൊണ്ട പീഡിയയും ചേര്‍ത്ത്
അദ്ദേഹമതിനെ ഇങ്ങനെ വിളിച്ചു, വിക്കിപീഡിയ.
ലാഭമുണ്ടാക്കുക തന്നെയായിരുന്നു ആദ്യ ഘട്ടത്തില്‍ വിക്കി പീഡിയയുടെയും ലക്ഷ്യം. ആര്‍ട്ടിക്കിളുകള്‍ക്ക് പരസ്യം കണ്ടെത്തി എഡിറ്റര്‍മാര്‍ക്ക് പണം നല്‍കാനും കുറച്ച് പണം കമ്പനിക്ക് മാറ്റിവയ്ക്കാനുമായിരുന്നു പദ്ധതി. എന്നാല്‍, ഇടയ്ക്കു വച്ച് തീരുമാനം ഒന്നു മാറ്റി…
പരസ്യം വേണ്ട, വരിസംഖ്യ വേണ്ട, ലാഭമോ വരുമാനമോ വേണ്ട.
വിക്കിപീഡിയയെ പൂര്‍ണമായും സൗജന്യമാക്കിയതാണ് ജീവിതത്തില്‍ താന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് ജിമ്മി ഇന്നും വിശ്വസിക്കുന്നു. സൗജന്യമാക്കിയതോടെ ലോകം മുഴുവനുമുള്ള എഴുത്തുകാര്‍ കടന്നുവന്നു എല്ലാ വിവരങ്ങളുമടങ്ങുന്ന വെബ്‌സൈറ്റ് ജന്മമെടുത്തു. മുന്നൂറിലധികം ഭാഷകളില്‍ 5 കോടിയിലധികം ലേഖനങ്ങള്‍ ഒരിടത്ത് ലഭ്യമായി. പരസ്യവരുമാനത്തിനും വരിസംഖ്യക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ വെബ്‌സൈറ്റായ വിക്കിപീഡിയ ഉടമ ഇന്ന് ലോകസമ്പന്ന പട്ടികയില്‍ ഇടം നേടിയിരുന്നേനെ. പക്ഷേ സമ്പന്നരുടെ വിരസ ജീവിതമല്ല സാധാരണക്കാരന്റ സുന്ദര ജീവിതമാണ് തനിക്കിഷ്ടമെന്നു പറഞ്ഞ് അതെല്ലാം അദ്ദേഹം വേണ്ടെന്നു വച്ചു. ലോകമെമ്പാടും സഞ്ചരിച്ച് ലോകനേതാക്കളുമായി സംവദിച്ച് ജീവിതമാസ്വദിക്കുന്നു.
ജനങ്ങളില്‍ നിന്നുള്ള ചെറു സംഭാവനകളാണ് വിക്കിപീഡിയയെ നിലനിര്‍ത്തുന്നത്.
ലാഭേച്ഛകൂടാതെ അറിവിന്റെ ലോകം നമുക്കെല്ലാവര്‍ക്കുമായി തുറന്നു തന്ന ആ മനുഷ്യന്‍ ഇന്നും ലണ്ടനിലുണ്ട് വിക്കിപീഡിയയുടെ സ്വന്തം, അല്ല നമ്മുടെ സ്വന്തം ജിമ്മി.