10 ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച് 76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസായ കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനത്തിനൊരുങ്ങുന്നു.
ബുധനാഴ്ച രാവിലെ 7 മുതല്‍ സര്‍വീസ് ആരംഭിക്കും. 20 രൂപ മുതല്‍ 40 രൂപ വരെയാണ് നിരക്ക്.
കൊച്ചിയുടെ ഗതാഗതമേഖലയിലും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിലും വലിയ മാറ്റം സൃഷ്ടിക്കാനാകുന്ന പദ്ധതിയാണിത്. 15 റൂട്ടുകളിലായി സര്‍വീസ് നടത്താനൊരുങ്ങുന്ന വാട്ടര്‍മെട്രോയ്ക്ക് 38 ജെട്ടികള്‍ നിര്‍മ്മിക്കുന്നുണ്ട്. 100 പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന വാട്ടര്‍മെട്രോ ബോട്ടുകള്‍ ഭിന്നശേഷി സൗഹൃദമാക്കിയും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയും നിര്‍മ്മിച്ചുനല്‍കുന്നത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ്.
ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് ജല മെട്രോ സര്‍വീസിന് ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളില്‍ ഡീസല്‍ ജനറേറ്ററും ഉപയോഗിച്ച് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്.
പൂര്‍ണമായും കേരളത്തില്‍ നിര്‍മിച്ച ബോട്ടിന് ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ‘ഗുഡീസ് ഇലക്ട്രിക് ബോട്ട് അവാര്‍ഡ് ‘ ഇതിനോടകം വാട്ടര്‍മെട്രോ നേടിയിട്ടുണ്ട്.