എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് നാളെ തിരിതെളിയും. ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മേള നടക്കുക. ഒരുക്കങ്ങളുടെ അവസാന ഘട്ട വിലയിരുത്തലിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ മേള നഗരിയില്‍ അവലോകന യോഗം ചേര്‍ന്നു. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരെയും സംഘാടക സമിതി അംഗങ്ങളെയും പങ്കെടുപ്പിച്ച് നടന്ന യോഗത്തില്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും ജില്ലയുടെ ഉത്സവമെന്ന നിലയില്‍ എല്ലാവരും മേളയോട് സഹകരിക്കണമെന്നും സംഘാടക സമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
മേളയുടെ ആദ്യ ദിനം നടക്കുന്ന വര്‍ണാഭമായ വിളംബര ഘോഷയാത്ര സുഗമമാക്കുന്നതിന് ചെറുതോണി ടൗണിലെ പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും കളക്ടര്‍ അഭ്യർത്ഥിച്ചു.പ്രദര്‍ശനമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഘോഷയാത്ര ഗതാഗതതടസ്സമില്ലാതെ പൂര്‍ത്തീകരിക്കുന്നതിന് ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് അറിയിച്ചു. രാവിലെ 9 മണിക്ക് ചെറുതോണി ടൗണ്‍ ബസ്റ്റാന്‍ഡില്‍ നിന്നും മേള നഗരിയായ വാഴത്തോപ്പ് ഗവ വിഎച്ച്എസ് സ്‌കൂള്‍ ഗ്രൗണ്ടിലേക്കാണ് ഘോഷയാത്ര.
അവലോകന യോഗത്തില്‍ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി എസ് വിനോദ് , ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനും ജില്ലാതല ഏകോപന സമിതി ചെയർമാനുമായ സി വി വർഗീസ്, സംഘാടക സമിതി അംഗങ്ങളായ രാജി ചന്ദ്രൻ , കെ ജി സത്യൻ, അനു മോൾ ജോസ്, പ്രഭ തങ്കച്ചൻ, ടി. ഇ നൗഷാദ് ,നിമ്മി ജയൻ, അനിൽ കൂവപ്ലാക്കൽ, റോമിയോ സെബാസ്റ്റ്യൻ, സിബി മൂലെപറമ്പിൽ, ഷിജോ തടത്തിൽ, ജോസ് കുഴികണ്ടം, രാജു ജോസഫ്, സിനോജ് വള്ളാടി, സജി തടത്തിൽ, സിജി ചാക്കോ, ജേക്കബ് പിണകാട്ട് തുടങ്ങിയവർ പങ്കെടുത്തു.