സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ഫുഡ് കോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്. തുടര്‍ന്ന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മുഴുവന്‍ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു.
വിവിധ ജില്ലകളിലെ തനത് രുചിഭേദങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷ്യമേളയില്‍ ഒരുക്കിയിട്ടുള്ളത്. മലബാര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ നിന്ന് 2 യൂണിറ്റ് വീതം ആകെ ആറ് യൂണിറ്റുകളിലായി 16 കുടുംബശ്രീ അംഗങ്ങളാണ് മേളയില്‍ വിഭവങ്ങള്‍ വിളമ്പുന്നത്.
ബീഫ് അല കുല, കുഞ്ഞി തലയിണ കോമ്പോ, കരിഞ്ചീര കോമ്പോ, ചിക്കന്‍-എഗ്-വെജ് ന്യൂഡില്‍സുകള്‍, ഫ്രൈഡ് റൈസുകള്‍, കൊത്തമല്ലി ചിക്കന്‍ ഫ്രൈ, മുട്ട സുനാമിയും കിളിക്കൂടും മുതല്‍ പലതരം വൈവിധ്യമാര്‍ന്ന ചായകള്‍ വരെ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ലഭ്യമാണ്. നാടന്‍ വിഭവങ്ങള്‍ക്കൊപ്പം കൊത്തുപൊറോട്ട, കിഴിപൊറോട്ട, പഴംപൊരി ബീഫ് കോംബോ തുടങ്ങി വിവിധയിനം രുചികളുടെ കലവറയാണ് കുടുംബശ്രീ ഫുഡ് കോര്‍ട്ട്. ഭക്ഷണങ്ങളുടെ രുചി നുകര്‍ന്ന് കലാവിരുന്ന് ആസ്വദിക്കുന്നതിനായി വേദിയോട് ചേര്‍ന്നാണ് ഇത്തവണ പ്രദര്‍ശനമേളയില്‍ ഫുഡ്കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്.