ചാറ്റ് ജിപിടിയെയും നിര്‍മ്മിത ബുദ്ധിയെയും സംബന്ധിച്ച് അറിവുപകര്ന്ന് സെമിനാര്‍. എന്റെ കേരളം പ്രദര്‍ശനവിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള സെമിനാറാണ് പുതുസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള വൈജ്ഞാനിക അനുഭവമായത്. ഇടുക്കി സബ്കളക്ടര്‍ അരുണ്‍ എസ് നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ കണ്ടുപിടുത്തങ്ങളെല്ലാം അധ്വാനം ലഘൂകരിക്കുന്നതിനാണ്. കാലം മാറുന്നതിനുനുസരിച്ച് സാങ്കേതികവിദ്യയും മാറുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. യുവജനങ്ങളില്‍ ആധുനികസാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ.പി.സി നീലകണ്ഠന് സെമിനാര്‍ നയിച്ചു. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളാണ് നിര്‍മ്മിതബുദ്ധി തുറന്നിടുന്നത്. അത് നല്കുന്ന അവസരങ്ങള്‍ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും സാധിക്കണം. പ്രവര്‍ത്തനസജ്ജമായി 5 ദിവസം കൊണ്ട് ഒരു ദശലക്ഷം ഉപയോക്താക്കളെ സൃഷ്ടിക്കുവാന്‍ ചാറ്റ് ജി.പി.ടിക്ക് സാധ്യമായി. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് പുതിയ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആലിബാബയും ആമസോണും ഇതിന്റെ ഉദാഹരണങ്ങളാണ്. നിത്യജീവിതം രൂപകല്‍പ്പന ചെയ്യുന്നതിലേക്ക് അടക്കം നിര്‍മ്മിതബുദ്ധി വളരുകയാണ്. അലക്സയും ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റും സിരിയും ഉദാഹരണം സഹിതം സെമിനാറില്‍ അവതരിപ്പിച്ചു. നിര്‍മ്മിതബുദ്ധി വളരുമ്പോള്‍ അതിനൊപ്പം നൈതികതയ്ക്ക് പ്രധാന്യം നല്‍കണമെന്നും സെമിനാറില്‍ ചൂണ്ടിക്കാട്ടി. സെമിനാറിന് ശേഷം സംശയ നിവാരണവും സംവാദവും നടന്നു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് സ്വാഗതവും
കട്ടപ്പന ഗവ.കോളേജ് മലയാളം വിഭാഗം അധ്യാപിക ഡോ. ഷാര്‍ജ എന്‍ നന്ദിയും പറഞ്ഞു.