കൊച്ചിയില്‍ ഒരു വര്‍ഷത്തിനകം സിഎന്‍ജി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാണെന്ന് ബിപിസിഎല്‍ സര്‍ക്കാരിനെ അറിയിച്ചു. മന്ത്രിമാരായ എംബി രാജേഷ്, പി. രാജീവ് എന്നിവര്‍ ബിപിസിഎല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ തത്വത്തില്‍ ധാരണയായത്. ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറാണെന്ന് ബിപിസിഎല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബിപിസിഎല്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തവും ബിപിസിഎല്‍ ഏറ്റെടുക്കും. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് ബിപിസിഎല്‍ ഉപയോഗിക്കുകയും ചെയ്യും. എത്രയും പെട്ടെന്നു സ്ഥലം കണ്ടെത്തി പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പതീക്ഷിക്കുന്നത്.
ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കുന്നതിനായി ശാസ്ത്രീയമായ കര്‍മ്മപരിപാടിയാണ് കൊച്ചിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി രാജീവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണ കര്‍മ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ 13 നഗരസഭകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയ ഉറവിടമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും അടിയന്തരമായി ഹ്രസ്വ-ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജില്ലയില്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവ മുന്‍ നിശ്ചയിച്ചതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്നതാണ്. ഇതിനോടൊപ്പം കൊച്ചിയിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതില്‍ പുതുതായി നിര്‍മ്മിക്കുന്ന പ്ലാന്റിന് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.