വൈദ്യപരിശോധനക്കിടെ കൊട്ടാരക്കരയിൽ ഡോക്ടറെ പ്രതി കുത്തിക്കൊന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഡോക്ടർമാർ തന്നെ നേടിയ സർക്കാർ ഉത്തരവാണ് കൊട്ടാരക്കരയിൽ ഡ്യൂട്ടി ഡോക്ടറുടെ മരണത്തിന് ഇടയാക്കിയതെന്നു ഒരു വിഭാഗം ചൂണ്ടിക്കട്ടുന്നു.
സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടി ഡോക്ടര്‍മ്മാര്‍ തന്നെ ആവശ്യമുന്നയിച്ചതനുസരിച്ച് പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസിന് വിലക്കുണ്ട്. ഇത് സംബന്ധിച്ച് താനാളൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. കെ.പ്രതിഭ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി കരസ്ഥമാക്കിയിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി. പ്രതിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ ഇവരുടെ സംസാരം കേള്‍ക്കാത്ത രീതിയില്‍ പോലീസ് അകലം പാലിക്കണമെന്നായിരുന്നു ഉത്തരവ്.
വൈദ്യപരിശോധന സമയത്ത് പ്രതിക്കൊപ്പം പോലീസ് സാന്നിധ്യം ഉണ്ടാകുന്നത് കേസുകളെ ബാധിക്കുന്നുവെന്നായിരുന്നു ഡോ. പ്രതിഭയുടെ ആരോപണം. ഇതിനായി അന്നവര്‍ ചൂണ്ടിക്കാണിച്ചത് കസ്റ്റഡി പീഡനങ്ങള്‍ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്‍ ഇങ്ങനൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു എന്നതാണ്. ഇതിന്‍ പ്രകാരമാണ് കോടതിയില്‍നിന്ന് വിധി സമ്പാദിച്ചതും.
സര്‍ക്കാര്‍ ഉത്തരവിലെ ഇത്തരം പഴുതുകള്‍ ജീവഹാനിവരെയുണ്ടാക്കുമ്പോള്‍ പ്രതിഷേധം പോലീസിന് നേരെയുണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഉന്നത പോലിസ് വൃത്തങ്ങള്‍ പറയുന്നു. ചില വ്യക്തിതാല്‍പര്യങ്ങള്‍ കാരണം ഉണ്ടാകുന്ന ഇത്തരം ഉത്തരവുകളില്‍ തിരുത്തല്‍ വരുത്താന്‍ ഡോക്ടര്‍മ്മാര്‍ തന്നെ രംഗത്തുവരണമെന്നതാണ് ഇവരുടെ ആവശ്യം