പട്ടയമേള: 2788 പട്ടയങ്ങള്‍ വിതരണം ചെയ്തു

0
115

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേളയിൽ 2788 പട്ടയങ്ങള്‍ വിതരണം ചെയ്തു.

ബഹു.റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന്‍ ചെറുതോണി ടൗൺ ഹാളിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള ബഹു.റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിക്കാന്‍ ബഹു.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയായി രൂപീകരിച്ചിട്ടുള്ള പട്ടയമിഷൻ നിയമപരവും സാങ്കേതികവുമായ തടസങ്ങള്‍ ഒഴിവാക്കി ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വാത പരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കാലങ്ങളായി തീരുമാനമില്ലാതെ അവശേഷിക്കുന്ന വാണിജ്യസ്ഥാപനങ്ങള്‍ക്കുള്ള പട്ടയം, വിവിധ ഡാമുകളുടെ ചെയിന്‍ പ്രദേശത്തെ പട്ടയം, ലാന്‍ഡ് രജിസ്റ്ററില്‍ ഏലകൃഷി എന്ന് രേഖപെടുത്തല്‍ തുടങ്ങി ജില്ലയിലെ സങ്കീര്‍ണമായ വിവിധ പ്രശ്‌നങ്ങള്‍ പട്ടയ മിഷന്റെ ഭാഗമായി സര്‍ക്കാര്‍ പരിഗണനക്കെടുത്തിട്ടുണ്ട്.

ദേവികുളം, ഇടുക്കി, തൊടുപുഴ എന്നീ താലൂക്കുകളിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെയും നവീകരിച്ച ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും റവന്യൂ അതിഥിമന്ദിരം, ഇടുക്കി തഹസീല്‍ദാറുടെ ഔദ്യോഗിക വസതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ ബഹു. മന്ത്രി നിര്‍വഹിച്ചു.

മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. അടുത്ത നിയമസഭ സമ്മേളനത്തില്‍ 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്ന് ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും അതിനായി സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്തമേഖലയിലും സാമൂഹിക നീതിയില്‍ അധിഷ്ഠിതവും സര്‍വതല സ്പര്‍ശിയുമായ വികസന സാധ്യത കണ്ടെത്താനും ഏറ്റവും സെന്‍സിറ്റീവായ ഭൂപ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ അടിസ്ഥാനപരമായ നയങ്ങളും സമീപനവും സ്വീകരിച്ചുകൊണ്ടുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മേളയില്‍ പട്ടയം ലഭിച്ച കുടുംബങ്ങളെയും ഇത്രയും പേര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ച ജില്ലാ ഭരണകൂടത്തെയും മന്ത്രി അഭിനന്ദിച്ചു.
മേമാരിമുറിയിലെ ലീല തങ്കപ്പന് വനവകാശ രേഖ കൈമാറികൊണ്ട് പട്ടയവിതരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരമുള്ള 1754 പട്ടയങ്ങള്‍, 1993-ലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള 935 പട്ടയങ്ങള്‍, 1995 ലെ മുനിസിപ്പല്‍ ചട്ട പ്രകാരമുള്ള 15 പട്ടയങ്ങള്‍, 62 ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, ഹൈറേഞ്ച് കോളണൈസേഷന്‍ സ്‌കീം പ്രകാരമുള്ള 4 പട്ടയങ്ങള്‍, 18 വനാവകാശ രേഖകള്‍ എന്നിങ്ങനെ 2788 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്.

ലോവര്‍ പെരിയാര്‍ പദ്ധതി പ്രദേശത്തു നിന്നും 1971 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 72 കുടുംബങ്ങള്‍ക്ക് പകരമായി അനുവദിച്ച ഭൂമിയുടെ പട്ടയങ്ങള്‍, ദേവികുളം താലൂക്കില്‍ നിയമവിധേയമല്ലാതെ ഡപ്യൂട്ടി തഹസില്‍ദാര്‍ അനുവദിച്ച പട്ടയങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റദ്ദ് ചെയ്തതിന് പകരമായി അനുവദിച്ച പുതിയ പട്ടയങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് വിതരണം ചെയ്തത്.

ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ.മാരായ എം എം മണി, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, രാഹുല്‍കൃഷ്ണ ശര്‍മ, എ.ഡി.എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, ദീപ കെ, ജോളി ജോസഫ്, താഹസീൽദാർമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ പാര്‍ട്ടി നേതാക്കൾ, റവന്യൂ ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.