ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പുതിയ സിഇഒ വനിതയായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി.
ട്വീറ്റിലൂടെയായിരുന്നു പ്രഖ്യാപനം. ആറാഴ്ചയ്ക്കകം പുതിയ സിഇഒ ചുമതലയേല്‍ക്കും. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മാത്രമായി മസ്‌ക് തുടരുമെന്നാണ് സൂചന. 2022 ഒക്ടോബര്‍ 27 നാണ് ശതകോടീശ്വരനായ മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്.
എന്നാല്‍, ഏറ്റെടുക്കലിന് ശേഷം മസ്‌ക് നടത്തിയ പല പരിഷ്‌കാരങ്ങള്‍ വലിയ വിവാദമായിരുന്നു. ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. എതിര്‍പ്പുകളും വിമര്‍ശനങ്ങളും വ്യാപകമായപ്പോള്‍ താന്‍ സിഇഒ സ്ഥാനത്ത് തുടരണമോ എന്നത് സംബന്ധിച്ച് അദ്ദേഹം ഓണ്‍ലൈന്‍ പോള്‍ നടത്തി. പോളില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മസ്‌ക് ഒഴിയണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് പുതിയ സിഇഒയെ കണ്ടെത്തിയാല്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്്.