അദാലത്തുകള്‍ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനുള്ള ശ്രമം: മന്ത്രി റോഷി അഗസ്റ്റിന്‍

Related Stories

ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും പരിഹാരമില്ലാതെ കാലങ്ങളായി അവശേഷിച്ച വ്യക്തികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണ് താലൂക്ക്തല അദാലത്തുകളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ‘കരുതലും കൈത്താങ്ങും’ താലൂക്കുതല പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കം കുറിച്ച് തൊടുപുഴ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ശ്രമം നടത്തിയിരുന്നു. ഒട്ടേറെ പ്രശ്നങ്ങള്‍ അന്ന് പരിഹരിക്കാന്‍ കഴിഞ്ഞു . തുടര്‍ന്ന് വ്യക്തികളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ചുകൊടുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ താലൂക്ക് തല അദാലത്തുകള്‍ ആവിഷ്‌കരിച്ചതെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് ഓരോ താലൂക്കിലും പോകേണ്ട മന്ത്രിമാരെ നിശ്ചയിക്കുകയും പരിഹരിക്കാന്‍ കഴിയുന്നത്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സംസ്ഥാനത്ത് ഇതുവരെ നടന്ന അദാലത്തുകളില്‍ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവിതമാണ് എന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ അദാലത്തുകള്‍. വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മാണം തുടങ്ങി സകലമേഖലകളിലും വലിയ നേട്ടമുണ്ടാക്കി നിതി ആയോഗിന്റെ വിലയിരുത്തലില്‍ ശ്രേഷഠ സ്ഥാനം നേടാനായത് സര്‍ക്കാരിന്റെ ഈ ജനക്ഷേമ സമീപനം മൂലമാണെന്നും മന്ത്രി പറഞ്ഞു. തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടന്ന അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത 900 കാര്യങ്ങളില്‍ 800 കാര്യങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിക്കാനായെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി അതിദാരിദ്യം നിര്‍മാര്‍ജനം ചെയ്ത സംസ്ഥാനം എന്ന പദവി ഈ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നമുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് കാവാലത്ത്, ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, എ.ഡി.എം. ഷൈജു പി. ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ലത്തീഫ്, ഡെ. കളക്ടര്‍മാരായ കെ. പി ദീപ, ജോളി ജോസഫ്, മനോജ് കെ., ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ദേവികുളം താലൂക്ക് അദാലത്ത് മെയ് 17ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലും പീരുമേട് താലൂക്ക് അദാലത്ത് മെയ് 19ന് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തിലും ഉടുമ്പഞ്ചോല താലൂക്ക് അദാലത്ത് മെയ് 22 ന് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനിലും ഇടുക്കി താലൂക്ക് അദാലത്ത് മെയ് 24 ന് ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളിലും നടക്കും. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുറമെ പുതുതായി എത്തുന്ന അപേക്ഷകര്‍ക്കും പരാതികള്‍ നല്‍കാനുള്ള സൗകര്യം അദാലത്ത് വേദികളില്‍ ഒരുക്കിയിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories