മോട്ടോര്‍സൈക്കിള്‍ റൈഡിങ്ങിനോട് ഏറെ താത്പര്യമുള്ള താരമാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍. ഇന്ത്യയിലെ പല നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വരെ ബൈക്ക് യാത്രകള്‍ സ്ഥിരമായി അദ്ദേഹം നടത്താറുമുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ അടുത്തിടെ ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കിയതിന് പിന്നിലും അജിത്തില്‍ നിന്നുള്ള പ്രചോദനമായിരുന്നു. ഇപ്പോളിതാ എ.കെ മോട്ടോ റൈഡ് എന്ന പേരില്‍ ടൂറിങ് കമ്പനി തുടങ്ങിയിരിക്കുകയാണ് താരം. ഇന്ത്യയിലെ സുന്ദരമായ ഇടങ്ങളിലേക്ക് മാത്രമല്ല, രാജ്യാന്തര തലത്തിലുള്ള യാത്രകളും തന്റെ കമ്പനി ഓഫര്‍ ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. സാഹസിക യാത്രകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സൂപ്പര്ബൈക്കുകളാകും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുക.