ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യം വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ആശുപത്രി വികസന സമിതി (എച്ച്.ഡി.സി) യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സിയായ കിറ്റ്കോയോട് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തിന് കൃത്യമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിന്റെ നിര്‍മാണപുരോഗതി വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായരെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജൂണ്‍ 15 നകം കൈമാറും. ബജറ്റ് പ്രഖ്യാപനത്തിലെ നഴ്‌സിങ് കോളേജ് ഇടുക്കിയില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാനാകും.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍, എച്ച്. ഡി. സി അംഗങ്ങളായ അനില്‍ കൂവപ്ലാക്കല്‍, ഷിജോ തടത്തില്‍, ഔസേപ്പച്ചന്‍ ഇടക്കുളം, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മീന ഡി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ സുരേഷ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.