ക്യാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓങ്കോളജി ഫാര്‍മ പാര്‍ക്കിന് തറക്കല്ലിട്ടു. 231 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ബൃഹത്ത് പദ്ധതി, 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി കിഫ്ബി സാമ്പത്തിക സഹായം ലഭ്യമാക്കും. ഓങ്കോളജി ഫാര്‍മ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രതിവര്‍ഷം 6 കോടി ഗുളികകളും 4.5 കോടി ക്യാപ്‌സൂളുകളും 37 ലക്ഷം കുത്തിവെപ്പ് മരുന്നുകളും നിര്‍മ്മിക്കാന്‍ സാധിക്കും.
2028ഓട് കൂടി ആഗോളതലത്തില്‍ 448 ബില്യണ്‍ യു എസ് ഡോളറിന്റെ മരുന്നുകളും ചികിത്സയും ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായി വരുമെന്നാണ് കരുതുന്നത്. ഇതില്‍ പല മരുന്നുകളും സാധാരണക്കാര്‍ക്ക് അപ്രാപ്യമായവയാണ്. ഇത് പരിഹരിക്കാന്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ ശില്പശാല സംഘടിപ്പിച്ച് മരുന്നുകളുടെ ഉല്പാദനത്തിന്റെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചുകൊണ്ടായിരിക്കും ഓങ്കോളജി പാര്‍ക്കില്‍ നിര്‍മ്മാണം ആരംഭിക്കുക. 2020-21 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കുകയും ഓങ്കോളജി പാര്‍ക്കിന്റെ വിശദമായ പദ്ധതിരേഖ ഉള്‍പ്പെടെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ കീഴില്‍ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് തന്നെ വിപ്ലവകരമായ ചലനമായിരിക്കും കേരളം സൃഷ്ടിക്കുക. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനും ലോകത്തിന് തന്നെ മാതൃകയാകാനും കേരളത്തിന് സാധിക്കുമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.