ജിഎസ്എല്‍വിയിലും കേരളത്തിന്റെ കെല്‍ട്രോണ്‍ മികവ്

0
1977

കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ച GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്‌സ് മോഡ്യൂള്‍ പാക്കേജുകള്‍ നല്‍കിയത് കേരളത്തിന്റെ സ്വന്തം കെല്‍ട്രോണ്‍്. ലോഞ്ച് വെഹിക്കിളിന്റെ മൊത്തമായുള്ള ഇലക്ട്രോണിക്‌സ് പാക്കേജുകളുടെ പത്ത് ശതമാനത്തോളമാണ് കെല്‍ട്രോണ്‍ നല്‍കിയ ഉപകരണങ്ങള്‍.

തിരുവനന്തപുരം മണ്‍വിളയിലുള്ള കെല്‍ട്രോണ്‍ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സില്‍ 35 ഇലക്ട്രോണിക്‌സ് പാക്കേജുകളും കരകുളത്തുള്ള കെല്‍ട്രോണ്‍ എക്യുപ്‌മെന്റ് കോംപ്ലക്‌സില്‍ 10 പാക്കേജുകളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ISROയുടെ വിവിധ ഗുണപരിശോധന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായുള്ള അസംബ്ലിങ് ആന്‍ഡ് ഫാബ്രിക്കേഷന്‍ പ്രോസസ്സുകള്‍ കൃത്യമായി പരിപാലിച്ചാണ് കെല്‍ട്രോണ്‍ ഈ സുപ്രധാന മിഷനില്‍ ഭാഗമായത്.

സ്‌പേസ് ഇലക്ട്രോണിക്‌സ് മേഖലയില്‍ ഐഎസ്ആര്‍ഒ, വിഎസ്എസ്‌സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വര്‍ഷമായി കെല്‍ട്രോണ്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു്. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ അമ്പതോളം എണ്ണം കെല്‍ട്രോണ്‍ നല്‍കി വരുന്നു. ഇതു വഴി ബഹിരാകാശ മേഖലയ്ക്ക് ആവശ്യമായ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തദ്ദേശീയമായി നടപ്പിലാക്കുന്നതില്‍ കെല്‍ട്രോണും ഭാഗമാകുന്നു.