ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തിയ രാജ്യമായി ഇന്ത്യ. സര്‍ക്കാരിന്റെ സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘മൈഗവ് ഇന്ത്യ’യില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പങ്കുവച്ചിട്ടുണ്ട്. 2022ല്‍ 89.5 മില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്ത് നടന്നു. ആഗോള ഡിജിറ്റല്‍ പണമിടപാടുകളുടെ 46 ശതമാനമാണിത്.
29.2 മില്ല്യണ്‍ ഇടപാടകള്‍ നടത്തി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 17.6 മില്ല്യണ്‍ ഇടപാടുകളുമായി ചൈന മൂന്നാം സ്ഥാനത്തും 16.5 മില്ല്യണ്‍ ഇടപാടുകളുമായി തായ്‌ലന്‍ഡ് നാലാം സ്ഥാനത്തുമെത്തി. 8 മില്ല്യണ്‍ ഡിജിറ്റല്‍ ഇടപാടുകളുമായി അഞ്ചാമതായി ദക്ഷിണ കൊറിയ ആണ്. നോട്ട് അസാധുവാക്കലിന് മുമ്പ് ഇന്ത്യയില്‍ നാമമാത്രമായിരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ കഴിഞ്ഞ ഒറ്റ ദശാബ്ദത്തിനകമാണ് ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ എറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ഏപ്രിലില്‍ പേയ്മെന്റ് സേവന സ്ഥാപനമായ വേള്‍ഡ്ലൈന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് കേരളം മുന്നിലെത്തിയത്. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ ഉള്ളത്.
രാജ്യത്ത് ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളുണ്ട്. 7, 8, 9 സ്ഥാനങ്ങളിലാണ് എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നിവ ഇടംപിടിച്ചത്. നഗരങ്ങളില്‍ ബംഗളൂരു ആണ് ഒന്നാംസ്ഥാനത്ത്. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ എന്നിവയാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.