രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക (ഐ.ഐ.പി) പ്രകാരമുള്ള വളർച്ച ഏപ്രിലിൽ കുത്തനെ ഉയർന്നു.
മാർച്ചിൽ ഐ.ഐ.പി വളർച്ച അഞ്ചുമാസത്തെ താഴ്ചയായ 1.1 ശതമാനത്തിൽ നിന്ന്
ഏപ്രിലിൽ 4.2 ശതമാനമായാണ് കുതിച്ചത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മാർച്ചിലെ വളർച്ച 1.7 ശതമാനമായി പുനർ നിർണയിച്ചിട്ടുണ്ട്. 2022 ഏപ്രിലിൽ 6.7 ശതമാനമായിരുന്നു ഐ.ഐ.പി. വളർച്ച.
അതേസമയം ഖനനമേഖലയുടെ വളർച്ച മാർച്ചിലെ 6.8ൽ നിന്ന് ഏപ്രിലിൽ 5.1 ശതമാനമായി കുറഞ്ഞു. അപ്രതീക്ഷിത മഴയാണ് വളർച്ചയ്ക്ക് തിരിച്ചടിയായത്.
എന്നാൽ മാനുഫാക്ചറിംഗ് വളർച്ച 1.2 ശതമാനത്തിൽ നിന്ന് 4.9 ശതമാനത്തിലേക്ക് മുന്നേറി. ഐ.ഐ.പിയിൽ നാലിൽ മൂന്ന് പങ്ക് വഹിക്കുന്നത് മാനുഫാക്ചറിംഗ് മേഖലയാണെന്നതിനാൽ ഈ മേഖലയിലെ കുതിപ്പ് വ്യാവസായിക വളർച്ചയ്ക്ക് ഗുണമായി.
വൈദ്യുത മേഖല തുടർച്ചയായ രണ്ടാം മാസവും ഇടിവ് നേരിട്ടു. മാർച്ചിൽ മുൻവർഷത്തെ അപേക്ഷിച്ച് 1.6 ശതമാനം വളർച്ച രേഖപ്പെടുത്തിയ വൈദ്യുതി ഉത്പാദനം ഏപ്രിലിൽ മുൻവർഷത്തെ അപേക്ഷിച്ച് 1.1 ശതമാനമായാണ് ഉയർന്നത്. എങ്കിലും 2023 മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ വൈദ്യുതി ഉത്പാദനം 2.3 ശതമാനം വർദ്ധിച്ചു. 2022-23 അവസാന മാസത്തെ അപേക്ഷിച്ച് ഖനന ഉത്പാദനം 20.6 ശതമാനവും ഉൽപാദനം 6.1 ശതമാനവും മൊത്തം വ്യാവസായിക ഉൽപാദനം 7.4 ശതമാനവും ചുരുങ്ങി.
മികച്ച ഐ.ഐ.പി വളർച്ചയും റീട്ടെയ്ൽ പണപ്പെരുപ്പ കണക്കുകളും ഇന്ത്യൻ ഓഹരി സൂചികകൾക്ക് വരുന്ന വ്യാപാര സെഷനുകളിൽ നേട്ടമാക്കാനുള്ള സാധ്യതയുണ്ട്. രാജ്യത്തെ സാമ്പത്തികരംഗത്തെ ഉണർവാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഈ കണക്കുകൾ ഉറ്റുനോക്കിയിരുന്ന ഓഹരി നിക്ഷേപകരുടെ ഇടപെടൽ വിപണിയിൽ പ്രതിഫലിക്കും.