ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 2023 മേയില്‍ 27 മാസത്തെ താഴ്ന്ന നിലയിലെത്തിയതോടെ വില വന്‍തോതില്‍ വര്‍ധിച്ചേക്കുമെന്ന് സൂചന. ഏപ്രിലില്‍ 5.10 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. 4.41 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യ മേയ് മാസം ഇറക്കുമതി ചെയ്തത്. ഏപ്രിലിനേക്കാള്‍് 14 ശതമാനം കുറവ്. കേരളത്തില്‍ ഭക്ഷ്യ എണ്ണയുടെ ഉപഭോഗത്തില്‍ മുന്നിലുള്ള പാമോയിലിന്റെ ഇറക്കുമതി കുറയുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകും.
കേരളത്തില്‍ ഇതിനോടകം 5-6 ശതമാനം വരെ പാമോയില്‍ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാനത്തെ എണ്ണ ഉപഭോഗത്തില്‍ 50 ശതമാനവും പാമോയിലാണ്. മാസം 20,000 ടണ്‍ ഭക്ഷ്യ എണ്ണ ഉപയോഗിക്കുന്നതായാണ് കണക്ക്. ഹോട്ടലുകളിലും മറ്റ് ഭക്ഷ്യോത്പാദന യൂണിറ്റുകളിലുമാണ് പാമോയില്‍ ഉപയോഗം കൂടുതല്‍. ഇറക്കുമതി കുറയുന്നത് വില ഉയരാന്‍ കാരണമായേക്കും. ഇതോടെ ഹോട്ടലുകളും ചെറുകിട കച്ചവടക്കാരും തിരിച്ചടി നേരിടും.
2021 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് മേയില്‍ രേഖപ്പെടുത്തിയത്. മറ്റ് ഭക്ഷ്യ എണ്ണകളെ അപേക്ഷിച്ച് പാമോയില്‍ ഇറക്കുമതി ചെലവ് കൂടുതലായതുകൊണ്ടാണിത്. ഇന്‍ഡൊനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയിലേക്ക് പാമോയില്‍ ഇറക്കുമതിചെയ്യുന്നത്.