വിപണി മൂല്യത്തില്‍ മൈക്രോസോഫ്റ്റ് കുതിക്കുന്നു

0
197

ടെക്ക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം റെക്കോഡ് ഉയരത്തില്‍ കുതിപ്പ് തുടരുന്നു. എഐ രംഗത്തേക്കുള്ള ചുവടുവയ്പ്പാണ് മൈക്രോസോഫ്റ്റിന് നേട്ടമായത്. കമ്പനിയുടെ ഓഹരികള്‍ 3.20 ശതമാനം ഉയര്‍ന്ന് 348.10 ഡോളറായതോടെ വിപണി മൂല്യം 2.59 ലക്ഷം കോടി ഡോളറിലെത്തി.

കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളില്‍ കമ്പനിയുടെ ഓഹരികള്‍ ഏഴ് ശതമാനത്തിലധികം ഉയര്‍ന്നു. ഒരു മാസത്തില്‍ 11 ശതമാനത്തിലധികം ആണ് ഓഹരി ഉയര്‍ന്നത്. ഈ വര്‍ഷം ആദ്യം മുതല്‍, മൈക്രോസോഫ്റ്റ് ഓഹരികള്‍ 45 ശതമാനത്തിലധികം ഉയര്‍ന്നു. ഇത് കമ്പനിയുടെ എഐ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നുവെന്നതിന്റെ സൂചന കൂടെയാണ്.

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എഐ നവംബറില്‍ ചാറ്റ്ജിപിടി പുറത്തിറക്കിയതിന് ശേഷം മറ്റ് ടെക് കമ്പനികളും ചെലവുചുരുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉല്‍പന്നങ്ങളും ഫീച്ചറുകളും പ്രയോജനപ്പെടുത്താന്‍ തിരക്കുകൂട്ടുകയാണ്. സാമ്പത്തിക മാന്ദ്യം കടുത്തേക്കുമെന്ന സൂചനകളും വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്. ചെലവ് ലാഭിക്കാന്‍ എഐ മികച്ച മാര്‍ഗമായി കാണുകയാണ് കമ്പനികള്‍.