ഗഗന്‍യാന്‍: ആദ്യ സുരക്ഷാ പരീക്ഷണം ഓഗസ്റ്റില്‍

0
180

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗന്‍യാനിന്റെ സുരക്ഷാ പരീക്ഷണമായ ക്രൂ അബോര്‍ട്ട് മിഷന്‍ ആഗസ്റ്റില്‍ നടത്തും. മനുഷ്യപേടകത്തിന് തകരാറുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.

അബോര്‍ട്ട് മിഷനായി ടെസ്റ്റ് റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ സജ്ജമാക്കി. അതില്‍ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും ഘടിപ്പിക്കും. ഇത് ബഹിരാകാശത്തയച്ച് സുരക്ഷാ സംവിധാനം പരീക്ഷിക്കും. നാല് അബോര്‍ട്ട് പരീക്ഷണങ്ങള്‍ക്ക് ശേഷം അടുത്ത ജനുവരിയില്‍ ആളില്ലാ ബഹിരാകാശ പേടകം വിക്ഷേപിക്കും. ഇത് സുരക്ഷിതമായി തിരിച്ചെത്തിയാല്‍ 2024 ഒടുവിലോ 2025 ആദ്യമോ ആകും ഗഗന്‍യാന്‍ വിക്ഷേപണം.

ഭൂമിയുടെ 300 -400 കി. മീറ്റര്‍ ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിലേക്കാണ് ഗഗന്‍യാന്‍ വിക്ഷേപിക്കുക. നാലു ദിവസത്തിനു ശേഷം തിരിച്ചെത്തും. ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് പേര്‍ റഷ്യയില്‍ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

10000 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്. ഗഗന്‍യാന്‍ ദൗത്യം വിജയിച്ചാല്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ചേരും.