ബംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ബൈജൂസിന്റെ ബോര്‍ഡംഗങ്ങളായ മൂന്ന് പേരും കമ്പനിയുടെ ഔദ്യോഗിക ഓഡിറ്ററും രാജിവച്ചതായാണ് റിപ്പോര്‍ട്ട്.
സെക്വയ ക്യാപിറ്റല്‍ ഇന്ത്യഎന്ന് അറിയപ്പെട്ടിരുന്ന പീക്ക് എക്സ്വി പാര്‍ട്ണേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജി.വി രവിശങ്കര്‍, വിവിയന്‍ വു (ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്), റസല്‍ ഡ്രെയിന്‍ സെന്‍സ്റ്റോക്ക് (പ്രോസസ്)എന്നിവരും സ്റ്റാറ്റിയൂട്ടറി ഓഡിറ്ററായ ഡെലോയിറ്റ് ഹാസ്‌കിന്‍സുമാണ് രാജിവച്ചത്. ബൈജൂസിന് ആദ്യകാലം മുതല്‍ പിന്തുണ നല്‍കി വന്നിരുന്നയാളാണ് ജി.വി. രവിശങ്കര്‍. ഇവര്‍ മൂന്നു പേരും ബൈജൂസിലെ നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരാണ്. ഇവര്‍ മൂന്ന് പേര്‍ക്കൊപ്പം റിജു രവീന്ദ്രന്‍, ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ് എന്നിവരായിരുന്നു ബൈജൂസിന്റെ ബോര്‍ഡില്‍ അംഗങ്ങളായിരുന്നത്.
കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഫലങ്ങള്‍ ഫയല്‍ ചെയ്യുന്നിതിലെ കാലതാമസമാണ് ഓഡിറ്റര്‍ ഡെലോയിറ്റ് രാജിവയ്ക്കാന്‍ കാരണമായത്. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ 2022 മാര്‍ച്ചി 31 വരെയുള്ള സാമ്പത്തിക കണക്കുകള്‍ ഫയല്‍ ചെയ്യാത്തിനെ കുറിച്ച് ഡെലോയിറ്റ് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള 5 വര്‍ഷത്തെ കാലയളവിലേക്കാണ് ഡിലോയിറ്റിനെ ഓഡിറ്ററായി നിയമിച്ചത്.
രാജിക്ക് പിന്നാലെ, അടുത്ത അഞ്ച് വര്‍ഷത്തേക്ക് ബി.ഡി.ഒയെ (എം.എസ്.കെ.എ ആന്‍ഡ് അസോസിയേറ്റ്സ്) സ്റ്റാറ്റിയൂട്ടറി ഓഡിറ്ററായി നിയമിച്ചതായി ബൈജൂസ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബൈജൂസിന്റെ മൂല്യം 22 ബില്യണ്‍ ഡോളറായിരുന്നു, എന്നാല്‍ കമ്പനിയുടെ മൈനര്‍ ഷെയര്‍ഹോള്‍ഡറായ ബ്ലാക്ക്റോക്ക് ഈ വര്‍ഷം ആദ്യം അതിന്റെ മൂല്യം 8.4 ബില്യണ്‍ ഡോളറായി കുറച്ചു. കമ്പനി 500 മില്യണ്‍ ഡോളര്‍ മറച്ചുവെച്ചതായി ആരോപിച്ച് വായ്പ നല്‍കുന്നവരുമായുള്ള തര്‍ക്കത്തിലും ബൈജൂസ് കുരുങ്ങിയിരിക്കുകയാണ്.
ബൈജൂസ് വിവിധ വിഭാഗങ്ങളില്‍ നിന്നായി 1,000 ജീവനക്കാരെ പിരിച്ചുവിടുന്ന റിപ്പോര്‍ട്ട് രണ്ട് ദിവസം മുമ്പാണ് പുറത്തുവന്നത്. സമീപകാലത്ത് കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട മൊത്തം ജീവനക്കാരുടെ എണ്ണം ഇതോടെ 3,500 ആയി.
dHANAKARYAM, eDITORS PIK