2024 ലോടുകൂടി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കി വരുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ വിവിധ പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം ബഹു ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ മരിയാപുരം, കാമാക്ഷി ഗ്രാമപഞ്ചായത്തുകളില്‍ നിര്‍വഹിച്ചു.
മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ ജല ബഡ്ജറ്റ് മന്ത്രി പ്രകാശനം ചെയ്തു.
മനുഷ്യ ശരീരത്തിന് ദോഷകരമായ ബാക്റ്റീരിയകളെ ജലത്തില്‍ നിന്നും നീക്കംചെയ്ത് ഗുണനിലവാരമുള്ള കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റോഡുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനായി റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തുകയും പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു.
മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ബഹു. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
മരിയാപുരം ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ന്യൂ മൗണ്ട് സ്വദേശി ബിനീഷ് സി പിയെ ചടങ്ങില്‍ ആദരിച്ചു. മരിയപുരം പഞ്ചായത്തിലെ പ്രതിഭ ക്ലബ്ബ് ലൈബ്രറിയിക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 30,000 രൂപയുടെ പുസ്തകങ്ങള്‍ കൈമാറി.
3545.47 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഈ പദ്ധതി പ്രകാരം മരിയപുരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ 155.97 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 1807 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കല്‍, പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, സംഭരണ ടാങ്കുകളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകളുടെ സ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി – ചെറുതോണി ഡാമില്‍ ഫ്‌ളോട്ടിംഗ് പമ്പ് ഹൗസ് നിര്‍മ്മിച്ച് പമ്പ് ചെയ്യുന്ന വെള്ളം പുതുതായി സ്ഥാപിക്കുന്ന 35 എംഎല്‍ഡി ശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച് വിമലഗിരി, മൗണ്ട്, നാരകക്കാനം, ഡബിള്‍കട്ടിംഗ് എന്നീ സ്ഥലങ്ങളിലെ സംഭരണ ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നും ഗാര്‍ഹിക കണക്ഷന്‍ വഴി വീടുകളിലേക്കെത്തിക്കും.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ ഗ്രാമീണ കുടിവെള്ള പദ്ധതിക്ക് 99.6 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്.
യോഗത്തില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. ബഹു. ഇടുക്കി എം പി അഡ്വ ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ 161.56 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 5015 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കല്‍, പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, സംഭരണ ടാങ്കുകളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകളുടെ സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇടുക്കി – ചെറുതോണി ഡാമില്‍ ഫ്ളോട്ടിങ്ങ് പമ്പ് ഹൗസ് നിര്‍മ്മിച്ച് പമ്പ് ചെയ്യുന്ന വെള്ളം പുതിയതായി സ്ഥാപിക്കുന്ന 35 എംഎല്‍ഡി ശുദ്ധീകരണ ശാലയില്‍ ശുദ്ധീകരിച്ച് കാല്‍വരിമൗണ്ട്, കാല്‍വരി ചര്‍ച്ച്, കുട്ടന്‍ കവല, പുഷ്പഗിരിമേട് എന്നീ സ്ഥലങ്ങളിലെ സംഭരണ ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നും ഗാര്‍ഹിക കണക്ഷന്‍ വഴി വീടുകളിലേക്കെത്തിക്കും.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.