ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി അമേരിക്കൻ കമ്പനികൾ

0
162

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ ആമസോൺ മേധാവിമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന്റെ ഭാഗമായി ഇരു കമ്പനികളുടെയും സി.ഇ.ഒ മാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെെ പ്രഖ്യാപിച്ചു. ഗുജറാത്തിൽ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിൽ 15 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായാണ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ പ്രസിഡന്റും സി.ഇ.ഒയുമായ ആൻഡി ജാസി പറഞ്ഞു. ഇതുവരെ കമ്പനി 11 ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇനി മൊത്തം നിക്ഷേപം 26 ബില്യൺ ഡോളറായി ഉയർത്തുമെന്നും ജാസി പറഞ്ഞു.

നിർമിത ബുദ്ധി മേഖലകളിലെ സഹകരണത്തിന് പ്രധാനമന്ത്രി പിച്ചെെയെ ക്ഷണിച്ചു. ഇന്ത്യയിലെ മൊബൈൽ ഉപകരണ നിർമ്മാണവും ഗവേഷണവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിളും ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി പിച്ചൈയുമായി ചർച്ച ചെയ്തെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കാൻ തീരുമാനിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പിച്ചെെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 100-ലധികം ഇന്ത്യൻ ഭാഷകൾ സംഭാഷണത്തിലും വാചകത്തിലുടനീളവും കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരൊറ്റ ഏകീകൃത എ.ഐ മോഡൽ നിർമ്മിക്കാനും പദ്ധതിയുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന 1,000 ഭാഷകൾ കൊണ്ടുവരാനുള്ള ഗൂഗിളിന്റെ ആഗോള ശ്രമങ്ങളുടെ ഭാഗമാണിത്. ഓൺലൈനിലെ അറിവും വിവരങ്ങളും അവരുടെ ഇഷ്ട ഭാഷയിൽ ആക്സസ് ചെയ്യാൻ ആളുകളെ സഹായിക്കുന്നതിന് ഐ.ഐ.ടി മദ്രാസിനൊപ്പം പ്രവർത്തിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളായ ആമസോണിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ ആൻഡ്രൂ ആർ ജാസിയുമായി മോദി വാഷിങ്ടൺ ഡിസിയിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിലെ എം.എസ്.എം.ഇകളുടെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആമസോണിന്റെ സംരംഭത്തെ മോദി സ്വാഗതം ചെയ്തു. ഇ-കൊമേഴ്സ് മേഖലയിലും ഇന്ത്യയിലെ ലോജിസ്റ്റിക് മേഖലയിലും ആമസോണുമായി സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകളും ഇരുവരും ചർച്ച ചെയ്തു