നാല് പുതിയ ലാപ്‌ടോപ് മോഡലുകള്‍ കൂടി അവതരിപ്പിച്ച് കോക്കോണിക്‌സ്

0
157

നാല് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നിര്‍മ്മാണ കമ്പനിയായ കോക്കോണിക്‌സ്. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തില്‍ നടക്കും. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലും ചേര്‍ന്നുള്ള കമ്പനിയായ കോക്കോണിക്‌സ് നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകള്‍ക്ക് പുറമേയാണ് പുതിയ നാല് മോഡലുകള്‍ കൂടി അവതരിപ്പിക്കുന്നത്. ഇതില്‍ 2 മോഡലുകള്‍ കെല്‍ട്രോണിന്റെ പേരിലായിരിക്കും വിപണിയില്‍ ഇറക്കുക. അതില്‍ ഒന്ന് മിനി ലാപ്‌ടോപ്പാണ്. എല്ലാ മോഡലുകള്‍ക്കും ബി.ഐ.എസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 2019 ല്‍ ഉല്‍പാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്‌ടോപ്പുകള്‍ കോക്കോണിക്‌സ് വില്‍പന നടത്തിയിട്ടുണ്ട്.
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍ തുടങ്ങിയ ഇ-കോമേഴ്‌സ് പോര്‍ട്ടലുകള്‍ വഴിയും ലാപ്‌ടോപ്പുകള്‍ വാങ്ങാനാകും. 2019 ല്‍ രൂപീകരിച്ച കോക്കോണിക്‌സ് നിലവില്‍ ലാപ്ടോപ്പുകള്‍ക്ക് പുറമേ മിനി പി.സി, ഡെസ്‌ക്ടോപ്പുകള്‍, സെര്‍വ്വറുകള്‍, ടാബ്ലറ്റുകള്‍ എന്നിവയും ഉല്‍പാദിപ്പിക്കുന്നുണ്ട്. പ്രതിവര്‍ഷം 2 ലക്ഷം ലാപ് ടോപ്പുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി മണ്‍വിളയിലെ പ്‌ളാന്റിനുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനും കമ്പനിക്കുണ്ട്.