അനധികൃത ടെന്റ് ക്യാമ്പുകളില്‍ പരിശോധന ഉടന്‍: ജില്ലാ കളക്ടര്‍

0
897

ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അംഗീകൃത ലൈസന്‍സ്, അനുമതി എന്നിവയില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റ് ക്യാമ്പുകളില്‍ അടിയന്തിരമായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇത്തരം ക്യാമ്പുകള്‍ പൊതു ജനങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷക്ക് ഭീഷണിയും , പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു . ആനത്താരകളിലുള്‍പ്പെടെ ടെന്റുകള്‍ സ്ഥാപിച്ച് വിനോദ സഞ്ചാരികളെ താമസിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. 26 ല്‍ കൂടുതല്‍ ക്യാമ്പുകള്‍ അംഗീകൃത ലൈസന്‍സില്ലാതെ ചിന്നക്കനാല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നതയാണ് വിവരം. ഇത്തരം അനധികൃത ടെന്റില്‍ കാട്ടാന കയറിയതായും മറ്റും മാധ്യമവാര്‍ത്തകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ കര്‍ശന നടപടി .

ടെന്റ് ക്യാമ്പുകള്‍ കണ്ടെത്തുന്നതിന് ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ശാന്തന്‍പാറ, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

സ്വകാര്യ ഭൂമിയിലുള്ള അനധികൃത ടെന്റ് ക്യാമ്പുകള്‍ നീക്കം ചെയ്യുന്നതിന് ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയേയും റവന്യു ഭൂമിയിലുള്ള അനധികൃത ടെന്റ് ക്യാമ്പുകള്‍ നീക്കം ചെയ്യുന്നതിന് ദേവികുളം തഹസില്‍ദാരെയും വനഭൂമിയിലുള്ളവ നീക്കം ചെയ്യുന്നതിന് മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും ചുമതലപ്പെടുത്തി. റവന്യു ഭൂമിയിലും വനം വകുപ്പിന്റെ ഭൂമിയിലും അനധികൃതമായി പ്രവേശിച്ച് സ്ഥിരമോ, താത്കാലികമോ ആയ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മിതികള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഉടുമ്പന്‍ചോല തഹസില്‍ദാരെയും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെയും ചുമതലപ്പെടുത്തിയതായും ജില്ലാകളക്ടര്‍ അറിയിച്ചു.