കുമളി കുടുംബാരോഗ്യകേന്ദ്രത്തില്‍ എക്സ്റേ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

0
382

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ (എഫ്എച്ച്സി) പണി പൂര്‍ത്തീകരിച്ച എക്സ്റേ യൂണിറ്റ് കെട്ടിടവും എക്സ്റേ യൂണിറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു. എക്സ് റേ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
ആശുപത്രിയിലെത്തുന്ന നിര്‍ധന രോഗികള്‍ മുന്‍പ് എക്സ്റേ എടുക്കുന്നതിനായി സ്വകാര്യ കേന്ദ്രങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ഇത് ഏറെ സഹായകമാകും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കി എഫ് എച്ച് സിയെ കൂടുതല്‍ രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ എക്സ്റേ യൂണിറ്റ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീര്‍ണാകുന്നേല്‍, എസ്.പി. രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. സിദ്ദിഖ്, രജനി ബിജു, നോളി ജോസഫ്, വി.സി. ചെറിയാന്‍, മണിമേഖല, സണ്‍സി മാത്യു, രമ്യ മോഹന്‍, ജിജോ രാധാകൃഷ്ണന്‍, വിനോദ് ഗോപി, വര്‍ഗീസ് എം, കുമളി എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ മീര ജോര്‍ജ്, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.